ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകും
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനമെടുത്തത്.

ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തീര്‍ഥാടനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാന്‍ ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മലകയറുന്ന പാതയും സ്വാമി അയ്യപ്പന്‍ റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാന്‍ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ദര്‍ശനസമയവും വര്‍ധിപ്പിച്ചിട്ടുണ്ട്. പോലീസ്, മറ്റു സേനകള്‍ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി. കാര്‍ഡിയാക് ചികിത്സകള്‍ക്ക് വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടെയും ഏകോപനത്തിനും നടപടിയായിട്ടുണ്ട്.

ജല മലിനീകരണം ഒഴിവാക്കാന്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തിട്ടുണ്ട്. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പ്രശ്‌നങ്ങളില്ലാത്ത തീര്‍ഥാടനകാലം ഉറപ്പാക്കാന്‍ വിവിധ നടപടികളെടുക്കുന്നുണ്ട്. 300 കോടിയിലധികം രൂപയില്‍ വിവിധ പദ്ധതികള്‍ വിവിധഘട്ടങ്ങളിലായി നടപ്പായിവരികയാണ്. ദേശീയ തീര്‍ഥാടന കേന്ദ്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നടപടികളില്‍ മിക്കതും പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളത് അതിവേഗം പൂര്‍ത്തിയാകുകയാണ്.

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി കഴിഞ്ഞവര്‍ഷം വിജയകരമായി നടപ്പാക്കിയത് തുടരാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേയും സഹകരണം വേണം. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്നതും തീര്‍ഥാടകരെ കൃത്യമായി അറിയിക്കാനാകണം. ഇത്തരം നടപടി യാതൊരു ആചാരത്തിന്റെയും ഭാഗമല്ല, എന്നുമാത്രമല്ല ഹൈക്കോടതി  നിരോധിച്ചിട്ടുമുണ്ട്.  അപകടങ്ങള്‍ കുറയ്ക്കാനുള്ള സേഫ് സോണ്‍ ശബരിമല പദ്ധതിയും നടപ്പാക്കിവരികയാണ്. സൈന്‍ ബോര്‍ഡുകളും നിര്‍ദേശങ്ങളും െ്രെഡവര്‍മാര്‍ക്കായി റോഡുകളില്‍ ഒരുക്കിയിട്ടുണ്ട്. ട്രക്കുകളിലും ലോറികളിലും തീര്‍ഥാടകരെ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. സുരക്ഷാ നടപടികളും കര്‍ശനമാക്കി. സി.സി.ടി.വി ക്യാമറകള്‍ വിവിധയിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com