'സ്വയം  മഹത്വവല്‍ക്കരിക്കാന്‍ ശ്രമം'; പി ജയരാജനെതിരെ അച്ചടക്ക നടപടി

നാടെങ്ങും ഫ്‌ളക്‌സുകള്‍ വെച്ചും, നൃത്തശില്‍പ്പം അവതരിപ്പിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രത്യേക പരിവേഷം സൃഷ്ടിക്കാന്‍ പി ജയരാജന്‍ ശ്രമിക്കുന്നതായി പാര്‍ട്ടി വിലയിരുത്തല്‍
'സ്വയം  മഹത്വവല്‍ക്കരിക്കാന്‍ ശ്രമം'; പി ജയരാജനെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടിയ്ക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സമിതിയുടെ വിമര്‍ശനം. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും  യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടി നയങ്ങളില്‍ നിന്നു മാറിയാണ് ജയരാജന്റെ പ്രവര്‍ത്തനം. ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായും സംസ്ഥാന സമിതി വിലയിരുത്തി. ജയരാജനെതിരായ നടപടി കണ്ണൂര്‍ ജില്ലയിലെ എല്ലാ പാര്‍ട്ടിഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യും. 

നാടെങ്ങും ഫ്‌ളക്‌സുകള്‍ വെച്ചും ജീവിതരേഖ പ്രതിപാദിക്കുന്ന നൃത്തശില്‍പ്പം അവതരിപ്പിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രത്യേക പരിവേഷം സൃഷ്ടിക്കാന്‍ പി ജയരാജന്‍ ശ്രമിക്കുന്നതായാണ് പാര്‍ട്ടി വിലയിരുത്തല്‍. ശ്രീകാകുളത്തെ നക്‌സലൈറ്റുകളുടെ വേഷവിധാനങ്ങളോടെ പി ജയരാജനെ അവതരിപ്പിക്കുന്ന നൃത്തശില്‍പ്പത്തിന്റെയും ജീവിതരേഖയുടെയും തെളിവുകള്‍ സഹിതമാണ് സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നത്. സിപിഎം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പാണ് പ്രശ്‌നം പരിഗണിക്കാനും നടപടിയ്ക്കും വഴിവെച്ചത്. 

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം  സമര്‍പ്പിച്ചതിനെ തുടര്‍ന്ന്, സെപ്തംബര്‍ എട്ടിന് ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.  ഇതില്‍ പ്രാസംഗകര്‍ക്കായി നല്‍കിയ കുറിപ്പില്‍ ഒരു വാചകം ഇങ്ങനെയായിരുന്നു. "അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നില്‍ ദൈവജൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ പ്രതീക്ഷയായ നേതാവിനെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്". കുറിപ്പിലെ ഈ പരാമര്‍ശം വ്യക്തിപൂജയാണെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. 

അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലും സ്വാഗത പ്രാസംഗികന്‍ പി ജയരാജന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നു. ഇതും സംസ്ഥാന സമിതിയിലെ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. നേരത്തെ നവകേരള മാര്‍ച്ചിന്റെ പോസ്റ്ററില്‍ പിണരായിയെ അര്‍ജുനനും, പി ജയരാജനെ ശ്രീകൃഷ്ണനുമാക്കി അവതരിപ്പിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം പ്രാസംഗികര്‍ക്കുള്ള കുറിപ്പും. നൃത്തശില്‍പ്പവും തയ്യാറാക്കിയത് കെ കെ രാഗേഷ് എംപിയാണെന്ന് പി ജയരാജന്‍ പറഞ്ഞു. ഈ നീക്കത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ല. ഇതിനു തക്ക കുറ്റം എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും പറഞ്ഞ് വികാരഭരിതനായ ജയരാജന്‍, സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. 

ജയരാജനെ വിമര്‍ശിക്കുന്ന പ്രമേയം സംസ്ഥാന സമിതി അംഗീകരിക്കുകയും ചെയ്തു. സിപിഎം കണ്ണൂര്‍ ജില്ലയിലെ നേതാവിനെതിരെ ഉണ്ടായ അപ്രതീക്ഷിത നടപടിയില്‍ ജില്ലയിലെ പാര്‍ട്ടി നേതാക്കളും അണികളും അമ്പരപ്പിലാണ്. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കിടയിലെ വിഭാഗീയതയും നടപടിയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com