"തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമം"; ദന്തഗോപുരത്തില്‍ നിന്ന് താഴേക്കിറങ്ങിവരണമെന്ന് ഹൈക്കോടതി

നിയമത്തെ മാനിക്കുന്നുവെങ്കില്‍ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ടല്ല നിയമനടപടിയ്ക്ക് ഇറങ്ങേണ്ടതെന്ന്  കോടതി
"തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമം"; ദന്തഗോപുരത്തില്‍ നിന്ന് താഴേക്കിറങ്ങിവരണമെന്ന് ഹൈക്കോടതി

കൊച്ചി : മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ നിങ്ങളെ പരസ്യമായി എതിര്‍ക്കുന്നതെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ദന്തഗോപുരത്തില്‍ നിന്ന് താഴേക്കിറങ്ങിവന്ന് സാധാരണക്കാരനെ പോലെ നിയമനടപടി സ്വീകരിക്കണം. നിയമത്തെ മാനിക്കുന്നുവെങ്കില്‍ അതാണ് ചെയ്യേണ്ടത്. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ടല്ല നിയമനടപടിയ്ക്ക് ഇറങ്ങേണ്ടതെന്നും  കോടതി അഭിപ്രായപ്പെട്ടു. 

മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകും. മന്ത്രിസ്ഥാനം രാജിവെച്ചശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ വാദിക്കുന്നു എന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും നിങ്ങളെ വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി പറഞ്ഞു. മന്ത്രിയുടെ കേസില്‍ സര്‍ക്കാരാണ് ഒന്നാമത്തെ എതിര്‍കക്ഷിയെന്നും കോടതി അഭിപ്രായപ്പെട്ടു. 

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് അറിയിക്കണമെന്ന് രാവിലെ വാദത്തിനിടെ തോമസ് ചാണ്ടിയോട് കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് ഉച്ചയ്ക്ക് ശേഷം കോടതി നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മന്ത്രി സ്ഥാനം രാജിവെച്ചശേഷം നിയമനടപടി നേരിടാന്‍ കോടതി നിര്‍ദേശിച്ചത്. രാവിലെയും വാദത്തിനിടെ ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com