"നിങ്ങള്‍ നിഷകളങ്കനാണെങ്കില്‍ കളക്ടറുടെ മുമ്പില്‍ തെളിയിക്കൂ"; ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി

കളക്ടറുടെ റിപ്പോര്‍ട്ട് ഫാക്ട് ഫൈന്‍ഡിംഗാണ്. അതിനെതിരെ പരാതിയുണ്ടെങ്കില്‍ അവിടെയാണ് പരാതി നല്‍കേണ്ടത്.
"നിങ്ങള്‍ നിഷകളങ്കനാണെങ്കില്‍ കളക്ടറുടെ മുമ്പില്‍ തെളിയിക്കൂ"; ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി

കൊച്ചി : ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ തോമസ് ചാണ്ടിയ്ക്ക് രൂക്ഷവിമര്‍ശനം. ഹര്‍ജി അപൂര്‍ണമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെങ്കില്‍ അത് കളക്ടറുടെ മുമ്പില്‍ പോയാണ് തെളിയിക്കേണ്ടിയിരുന്നത്. നിങ്ങള്‍ കളക്ടറുടെ മുമ്പില്‍ പോകാന്‍ എന്തിനാണ് ഭയക്കുന്നതെന്നും തോമസ് ചാണ്ടിയോട് കോടതി ചോദിച്ചു. കളക്ടറുടെ മുമ്പില്‍ ഇക്കാര്യം തെളിയിക്കാനും കോടതി നിര്‍ദേശിച്ചു. 

കളക്ടറുടെ റിപ്പോര്‍ട്ട് ഫാക്ട് ഫൈന്‍ഡിംഗാണ്. അതിനെതിരെ പരാതിയുണ്ടെങ്കില്‍ അവിടെയാണ് പരാതി നല്‍കേണ്ടത്. നിങ്ങളുടെ ഭാഗം കളക്ടറുടെ മുന്നിലാണ് വാദിക്കേണ്ടിയിരുന്നത്. ഇതിന് നിയമപരമായ സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു. നിങ്ങല്‍ തെറ്റുകാരനാണെന്ന് കോടതി പറയുന്നില്ല. പക്ഷെ നിരപരാധിത്വം തെളിയിക്കേണ്ടത് കളക്ടറുടെ മുന്നിലാണെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. 

നിങ്ങള്‍ നിഷകളങ്കനാണെങ്കില്‍ കളക്ടറുടെ മുമ്പിലാണ് തെളിയിക്കേണ്ടതെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയോട് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗമായ കളക്ടര്‍ക്കെതിരെ മന്ത്രിയ്ക്ക് എങ്ങനെ കോടതിയെ സമീപിക്കാനാകും എന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ മന്ത്രിയാകുന്നതിന് മുമ്പുള്ള കാര്യത്തിലാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളതെന്ന് മന്ത്രിയെ ന്യായീകരിച്ച് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ പറഞ്ഞു. മന്ത്രിയെ ന്യായീകരിച്ച സ്റ്റേറ്റ് അറ്റോര്‍ണിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് മാറ്റി. മന്ത്രിയുടെ ഹര്‍ജിയെ സ്റ്റേറ്റ് അറ്റോര്‍ണി തള്ളിപ്പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com