നിങ്ങള്‍ക്കല്ലേ മാനക്കേട് ഞങ്ങള്‍ക്കല്ലല്ലോ; ചാണ്ടിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ കാര്യമാക്കേണ്ടെന്ന് എന്‍സിപി

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജി ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും വിധി വന്നിട്ട് തീരുമാനിക്കാമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍
നിങ്ങള്‍ക്കല്ലേ മാനക്കേട് ഞങ്ങള്‍ക്കല്ലല്ലോ; ചാണ്ടിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ കാര്യമാക്കേണ്ടെന്ന് എന്‍സിപി

കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജി ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും വിധി വന്നിട്ട് തീരുമാനിക്കാമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ തീരുമാനമെടുക്കാന്‍ ഞങ്ങളില്ല. കോടതി കേസ് കേള്‍ക്കുന്നതിനിടയില്‍ പല കമന്റ്‌സും പറയും. അത് കാര്യമാക്കേണ്ടതില്ല. ശശീന്ദ്രന്‍ രാജിവച്ചത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. അതുമായി തോമസ് ചാണ്ടിയുടെ വിഷയത്തെ താരതമ്യം ചെയ്യേണ്ടതില്ല. 

വിധിയ്ക്ക് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്യും. രാജിയെപ്പറ്റി സംസ്ഥാന ഘടകത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും പാര്‍ലമെന്ററി ബോര്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 

രാജിയെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടം വന്നിട്ടില്ല. ഇതൊരു മാനക്കേടായി നിങ്ങള്‍ക്കല്ലേ തോന്നിയത് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. 

കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയെ സമീപിച്ച മന്ത്രിയുടെ നീക്കത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. തോമസ് ചാണ്ടി മന്ത്രിസഭയെ വിശ്വാസ്യത്തിലെടുത്തില്ലെന്ന് കോടതി വിലയിരുത്തി. കോടതിയെ കൂട്ടുപിടിച്ച് മന്ത്രിസ്ഥാനത്ത് തുടരാനാണോ ഉദ്ദേശ്യമെന്ന് തോമസ് ചാണ്ടിയോട് കോടതി ചോദിച്ചു. തോമസ് ചാണ്ടിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി പറഞ്ഞു. ചാണ്ടിയുടെ ഹര്‍ജി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന് തെളിവാണെന്നു നിരീക്ഷിച്ച കോടതി സര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com