തോമസ് ചാണ്ടി രാജിവച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th November 2017 12:59 PM |
Last Updated: 15th November 2017 01:00 PM | A+A A- |

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചു. എന്‍സിപി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടിപി പിതാംബരന്‍ മുഖ്യമന്ത്രിയെ കണ്ട് മന്ത്രിയുടെ രാജിക്കത്ത് കൈമാറി. പാര്‍ട്ടി നേതൃയോഗത്തിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി.
ദേശീയ നേതൃത്വവുമായി കൂടിയാലോചന നടത്താന്‍ സമയം വേണമെന്ന് രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കി. തുടര്‍ന്ന് ചേര്‍ന്ന നേതൃയോഗത്തില്‍ ദേശീയ നേതാക്കളായ ശരദ് പവാറുമായും പ്രഫുല്‍ പട്ടേലുമായും സംസ്ഥാന നേതാക്കള്‍ ആശയവിനിമയം നടത്തി. രാജിയല്ലാതെ മറ്റു വഴിയില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. തോമസ് ചാണ്ടിയുമായും ദേശീയ നേതാക്കള്‍ സംസാരിച്ചു. തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ ധാരണയായത്.
മന്ത്രിസഥാനത്തുനിന്ന് അവധിയെടുത്തു മാറിനില്‍ക്കാനുള്ള സാധ്യതകള്‍ തോമസ് ചാണ്ടി ആരാഞ്ഞിരുന്നു. അവധിയെടുത്തു വിദേശത്തേക്കു പോവുകയും സുപ്രിം കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാവുന്ന പക്ഷം തിരികെയെത്തി സ്ഥാനമേല്‍ക്കുകയും ചെയ്യുകയായിരുന്നു പദ്ധതി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഇത്തരമൊരു കാര്യം തോമസ് ചാണ്ടി മുന്നോട്ടുവച്ചതായാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ദേശീയ നേതൃത്വവുമായി സംസാരിച്ച് എത്രയും വേഗം തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്.
തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണുമെന്നും യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും ടിപി പിതാംബരനാണ് മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. യോഗത്തിനു ശേഷം ആരെയും കാണാന്‍ നില്‍ക്കാതെ മന്ത്രി ആലപ്പുഴയിലേക്കു തിരിക്കുകയായിരുന്നു.