ആറുമാസം കൂടുമ്പോള്‍ രാജി ഒന്നുവീതം ; മൂന്നാം വിക്കറ്റില്‍ പഴി മുഖ്യമന്ത്രിക്കും

ആറുമാസം കൂടുമ്പോള്‍ രാജി ഒന്നുവീതം ; മൂന്നാം വിക്കറ്റില്‍ പഴി മുഖ്യമന്ത്രിക്കും

മുന്നണിയില്‍ നിന്ന് അടക്കം ഏറെ പഴി കേട്ടിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി കൈക്കൊണ്ടത്‌

തിരുവനന്തപുരം : ഒടുവില്‍ തോമസ് ചാണ്ടിയും മന്ത്രിക്കസേരയില്‍ നിന്നും ഇറങ്ങി. ഇതോടെ ഒന്നര വര്‍ഷത്തിനിടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം വിക്കറ്റും തെറിച്ചു. ആറുമാസത്തിനിടെ ഒരു മന്ത്രി എന്ന തരത്തിലാണ് മന്ത്രിമാരുടെ രാജി. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജനാണ് ആദ്യം മന്ത്രിപ്പണി രാജിവെയ്ക്കുന്നത്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുവിനെ നിയമിച്ചത് വിവാദമായതോടെയാണ് വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ രാജിവെച്ചത്. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തിയ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണമുയര്‍ന്ന് ഒമ്പതു ദിവസത്തിനകമായിരുന്നു സിപിഎമ്മിലെ കരുത്തനായ ഇപിയുടെ രാജി. 

ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രനാണ് രണ്ടാമത്തെ വിക്കറ്റ്. ഫോണ്‍ വിളി വിവാദത്തില്‍പ്പെട്ടാണ് ശശീന്ദ്രന്റെ രാജി. തന്നെ സമീപിച്ച വീട്ടമ്മയോട് മന്ത്രി അശ്ലീല സംഭാഷണം നടത്തിയെന്ന ഓഡിയോ ടേപ്പ് ഒരു ചാനല്‍ പുറത്തുവിട്ടതാണ്  ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ രാജിവെച്ചൊഴിഞ്ഞു.  2017 മാര്‍ച്ച് 26ന് എകെ ശശീന്ദ്രന്‍ ഗതാഗതമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് തോമസ് ചാണ്ടി മന്ത്രി സഭയിലേക്കെത്തുന്നത്. 

ഏറ്റവുമൊടുവില്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണമാണ് മന്ത്രിസഭയിലെ കോടീശ്വരന്‍ കൂടിയായ തോമസ് ചാണ്ടിയുടെ രാജിയിലേക്ക് എത്തിച്ചത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഭൂമി കൈയേറി റോഡ് നിര്‍മ്മിച്ചതും, മാര്‍ത്താണ്ഡം കായല്‍ കയ്യേറി പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതും ഗുരുതരമായ നിയമലംഘനങ്ങളാണെന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷിച്ച കളക്ടര്‍ ടിവി അനുപമ കണ്ടെത്തി. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന കുറിപ്പ് സഹിതം ഫയല്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. എന്നാല്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി റിപ്പോര്‍ട്ട് പഠിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. 

എന്നാല്‍ എജിയും കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് നിയമോപദേശം നല്‍കി. എന്നിട്ടും ഫയല്‍ കയ്യില്‍ വെച്ച് മുഖ്യമന്ത്രി ഉറക്കം നടിച്ചു. ഇടതുമുന്നണിയില്‍ എല്ലാ പാര്‍ട്ടികളും തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്തപ്പോഴും, മുഖ്യമന്ത്രി സംരക്ഷകന്റെ റോളില്‍ നിന്നും പിന്‍മാറിയില്ല. ഏറ്റവുമൊടുവിലായി കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിയ്ക്ക്, കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. മന്ത്രി സര്‍ക്കാരിനെതിരെ കേസ് നല്‍കുന്നത് ലോകത്ത് തന്നെ അപൂര്‍വസംഭവമാണ്. സര്‍ക്കാര്‍ മന്ത്രിയ്‌ക്കെതിരെ വാദിക്കുന്നു. മന്ത്രിയ്ക്ക് മന്ത്രിസഭയോടുള്ള കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, അയോഗ്യനാക്കേണ്ട സാഹചര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സാധാരണക്കാരനെ പോലെ നിയമനടപടിയ്ക്ക് ഇറങ്ങിത്തിരിക്കാനും കോടതി നിര്‍ദേശിച്ചു. എന്നിട്ടും മുന്നണി മര്യാദ എന്ന പേരില്‍ തോമസ് ചാണ്ടിയുടെ സംരക്ഷക വേഷത്തില്‍ നിന്നും പിണറായി പിന്നോട്ടുപോയില്ല. ഏറ്റവുമൊടുവില്‍ സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതോടെ തോമസ് ചാണ്ടി രാജി എന്ന അവസാന തീര്‍പ്പിന് വഴങ്ങുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com