തോമസ് ചാണ്ടി സ്ഥാനമൊഴിയാന്‍ എന്‍സിപി യോഗത്തില്‍ ധാരണ; ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ച ചെയ്തില്ല

മന്ത്രിസഥാനത്തുനിന്ന് അവധിയെടുത്തു മാറിനില്‍ക്കാനുള്ള സാധ്യതകള്‍ തോമസ് ചാണ്ടി ആരാഞ്ഞിരുന്നു
തോമസ് ചാണ്ടി സ്ഥാനമൊഴിയാന്‍ എന്‍സിപി യോഗത്തില്‍ ധാരണ; ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ച ചെയ്തില്ല

തിരുവനന്തപുരം:  ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനമൊഴിയാന്‍ എന്‍സിപി നേതൃയോഗത്തില്‍ ധാരണ. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ തോമസ് ചാണ്ടിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് രാജികാര്യത്തില്‍ തീരുമാനമായത്. 

ദേശീയ നേതൃത്വവുമായി കൂടിയാലോചന നടത്താന്‍ സമയം വേണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കി. തുടര്‍ന്ന് ചേര്‍ന്ന നേതൃയോഗത്തില്‍ ദേശീയ നേതാക്കളായ ശരദ് പവാറുമായും പ്രഫുല്‍ പട്ടേലുമായും സംസ്ഥാന നേതാക്കള്‍ ആശയവിനിമയം നടത്തിയതായാണ് വിവരം. രാജിയല്ലാതെ മറ്റു വഴിയില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. തോമസ് ചാണ്ടിയുമായും ദേശീയ നേതാക്കള്‍ സംസാരിച്ചു. തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ ധാരണയായത്. 

മന്ത്രിസഥാനത്തുനിന്ന് അവധിയെടുത്തു മാറിനില്‍ക്കാനുള്ള സാധ്യതകള്‍ തോമസ് ചാണ്ടി ആരാഞ്ഞിരുന്നു. അവധിയെടുത്തു വിദേശത്തേക്കു പോവുകയും സുപ്രിം കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാവുന്ന പക്ഷം തിരികെയെത്തി സ്ഥാനമേല്‍ക്കുകയും ചെയ്യുകയായിരുന്നു പദ്ധതി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഇത്തരമൊരു കാര്യം തോമസ് ചാണ്ടി മുന്നോട്ടുവച്ചതായാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ദേശീയ നേതൃത്വവുമായി സംസാരിച്ച് എത്രയും വേഗം തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്.

തോമസ് ചാണ്ടി ഉടന്‍ തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും രണ്ടു മണിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നേതൃയോഗത്തിനു ശേഷം എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ തിരിച്ചുവരവുമായി ഇന്നു നടന്ന ചര്‍ച്ചകള്‍ക്കു ബന്ധമില്ലെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com