ദേശീയ മാധ്യമങ്ങളെ കൊണ്ടുവന്ന ബിജെപിക്ക് രാജ്യാന്തര മാധ്യമങ്ങളിലൂടെ സിപിഎമ്മിന്റെ തിരിച്ചടി; അരക്കോടി രൂപ മുടക്കി കേരളത്തെ വാര്‍ത്തയാക്കും

വാഷിങ്ടണ്‍ പോസ്റ്റ് കേരളത്തിലെ സിപിഎമ്മിന്റെ വളര്‍ച്ച മന്ത്രി തോമസ് ഐസക്കിലൂടെ വാര്‍ത്തയാക്കിയത് പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ അതൃപ്തിക്കിടയാക്കിയിരുന്നു
ദേശീയ മാധ്യമങ്ങളെ കൊണ്ടുവന്ന ബിജെപിക്ക് രാജ്യാന്തര മാധ്യമങ്ങളിലൂടെ സിപിഎമ്മിന്റെ തിരിച്ചടി; അരക്കോടി രൂപ മുടക്കി കേരളത്തെ വാര്‍ത്തയാക്കും

തിരുവനന്തപുരം: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരത കളം നിറയുകയാണെന്ന പ്രതീതി പരത്താന്‍ ദേശീയ മാധ്യമങ്ങളുമായെത്തിയ ബിജെപിക്ക്‌ മറുപടിയുമായി സിപിഎം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ രാജ്യാന്തര തലത്തിലെത്തിക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ കേരളത്തിലേക്കെത്തിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നത്. 

അരക്കോടിയോളം രൂപ മുടക്കി ബിബിസി, റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ചാനല്‍ പ്രതിനിധികളെ സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതായാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് കേരളത്തിലെ സിപിഎമ്മിന്റെ വളര്‍ച്ച മന്ത്രി തോമസ് ഐസക്കിലൂടെ വാര്‍ത്തയാക്കിയത് പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ അതൃപ്തിക്കിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യാന്തര തലത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയ്ക്ക അകത്ത് നിന്നും മാധ്യമപ്രവര്‍ത്തകര്‍ അടുത്ത മാസത്തോടെ കേരളത്തിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര വളര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പ്രചരിപ്പിക്കുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്. 

ബിബിസിക്കും റോയ്‌ട്ടേഴ്‌സിനും പുറമെ, ഫ്രഞ്ച് പത്രം ലെ മോന്‍ദ്, അമേരിക്കന്‍ വാര്‍ത്താ ചാനല്‍ ഫോക്‌സ് ന്യൂസ്, ചൈനീസ് ദിനപത്രങ്ങളായ ചൈനീസ് ഡെയ്‌ലി, ഗ്ലോബല്‍ ടൈംസ്, റഷ്യന്‍ ടാബ്ലോയിഡായ കോംസോമോള്‍സ്‌ക്യപ്രവ്ദ, യുഎഇയുടെ ഖലീജ് ടൈംസ്, അല്‍ജസീറ, കുവൈത്ത് ടൈംസ് എന്ന് മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. 

ഇന്ത്യയ്ക്കുള്ളില്‍ നിന്നും ഡിഎന്‍എ, രാജസ്ഥാന്‍ പത്രിക,  ഹിന്ദുസ്ഥാന്‍ ടൈംസ്, ഈനാട്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സിഎന്‍എന്‍ ഐബിഎന്‍, ദി ടെലിഗ്രാഫ്, അമര്‍ ഉജാല എന്നി മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും കേരളത്തിലെത്തും. 

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച, കേരളത്തിലെ വ്യവസായികളുമായുള്ള അഭിമുഖം, കേരള മാതൃക നേരിട്ടറിയല്‍ എന്നീ പരിപാടികള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയാക്കും. ഇതിനായി നീക്കിവെച്ചിരിക്കുന്ന അരക്കോടി രൂപയില്‍ പത്ത് ലക്ഷം രൂപ വിമാന യാത്രയ്ക്കും, താമസത്തിന് എട്ട് ലക്ഷം രൂപയും, ആറ് ലക്ഷം രൂപ ഭക്ഷണം, യാത്രയ്ക്ക് നാല് ലക്ഷം എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com