രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്നവരെ പറ്റിച്ച് തോമസ് ചാണ്ടി ആലപ്പുഴയ്ക്കു 'മുങ്ങി'

തോമസ് ചാണ്ടി ഇതാ രാജിവയ്ക്കാനെത്തുന്നു എന്ന് ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത നല്‍കിയെങ്കിലും കുറെ നേരമായിട്ടും മന്ത്രി ക്ലിഫ് ഹൗസില്‍ എത്തിയില്ല
രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്നവരെ പറ്റിച്ച് തോമസ് ചാണ്ടി ആലപ്പുഴയ്ക്കു 'മുങ്ങി'

തിരുവനന്തപുരം: രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാന്‍ വരുന്നതു കാത്തിരുന്ന മാധ്യമങ്ങളെ പറ്റിച്ച് തോമസ് ചാണ്ടി ആലപ്പുഴയ്ക്കു 'മുങ്ങി'. ഒടുവില്‍ രാജി മുഖ്യമന്ത്രിക്കു കൈമാറാനുള്ള ചുമതല പാര്‍ട്ടി അധ്യക്ഷന്‍ ടിപി പിതാംബരന്റേതായി.

തോമസ് ചാണ്ടി സ്ഥാനമൊഴിയാന്‍ തീരുമാനിച്ച പാര്‍ട്ടി നേതൃയോഗം കഴിഞ്ഞ് അദ്ദേഹം ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അത് മുഖ്യമന്ത്രിയെ കാണാനാണെന്നാണ് എല്ലാവരും കരുതിയത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ ഇക്കാര്യത്തില്‍ സൂചന നല്‍കുകയും ചെയ്തു. തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും, ടിപി പിതാംബരന്‍ മാധ്യമങ്ങളോടു കാര്യങ്ങള്‍ വിശദീകരിക്കും എന്നാണ് ശശീന്ദ്രന്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ തന്നെ തോമസ് ചാണ്ടി വണ്ടിയുമെടുത്ത് ഇറങ്ങുകയും ചെയ്തു.

തോമസ് ചാണ്ടി ഇതാ രാജിവയ്ക്കാനെത്തുന്നു എന്ന് ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത നല്‍കിയെങ്കിലും കുറെ നേരമായിട്ടും മന്ത്രി ക്ലിഫ് ഹൗസില്‍ എത്തിയില്ല. ഔദ്യോഗിക വസതിയില്‍നിന്നിറങ്ങിയെങ്കിലും ക്ലിഫ് ഹൗസില്‍ എത്താതെ പോയ മന്ത്രിയെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് അദ്ദേഹം എംസി റോഡു വഴി പോയ വിവരം അറിയുന്നത്.

രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പക്കല്‍ ഒപ്പിട്ടുനല്‍കിയ ശേഷമായിരുന്നു ചാണ്ടിയുടെ യാത്ര. അതേസമയം രാജിയെക്കുറിച്ച് സംസാരിക്കാന്‍ അവസാന നിമിഷം വരെ അദ്ദേഹം മടിച്ചു. വീട്ടില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ രാജിവയ്ക്കാനല്ല പോവുന്നത് എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.

സാധാരണഗതിയില്‍ മന്ത്രിമാര്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്കു രാജിക്കത്ത് കൈമാറുകയാണ് പതിവ്. ഔദ്യോഗിക വാഹനത്തില്‍ എത്തുന്ന മന്ത്രിമാര്‍ തിരിച്ച് സ്വകാര്യ വാഹനത്തില്‍ മടങ്ങിയ പതിവുമുണ്ട്. തോമസ് ചാണ്ടി ഇതിനൊന്നും നില്‍ക്കാതെ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷനെ ഏല്‍പ്പിച്ച് ഔദ്യോഗിക വാഹനമെടുത്ത് ആലപ്പുഴയ്ക്കു പോവുകയാണ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com