ഹാദിയയെ കാണാനാവില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷനോട് അശോകന്‍; സന്ദര്‍ശനം വിലക്കിയത് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി

ഹാദിയയുടെ പിതാവ് അശോകനാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ കമ്മിഷന് അനുമതി നിഷേധിച്ചത്
ഹാദിയയെ കാണാനാവില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷനോട് അശോകന്‍; സന്ദര്‍ശനം വിലക്കിയത് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: മതംമാറി വിവാഹം ചെയ്തതിനെത്തുടര്‍ന്ന് വിവാദത്തിലായ വൈക്കം സ്വദേശിയ അഖില എന്ന ഹാദിയയെ കാണുന്നതിന് സംസ്ഥാന വനിതാ കമ്മിഷന് അനുമതി നിഷേധിച്ചു. ഹാദിയയുടെ പിതാവ് അശോകനാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ കമ്മിഷന് അനുമതി നിഷേധിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി വനിതാ കമ്മിഷന്‍ അറിയിച്ചു.

തിങ്കളാഴ്ചയാണ് വനിതാ കമ്മിഷനു വേണ്ടി പൊലീസ് അശോകനെ ബന്ധപ്പെട്ടത്. ദേശീയ വനിതാ കമ്മിഷന്‍ കഴിഞ്ഞയാഴ്ചയില്‍ വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ കണ്ടിരുന്നു. കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയാണ് മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹാദിയയെ കാണാനെത്തിയത്. ദേശീയ വനിതാ കമ്മിഷന്‍ 'ലവ് ജിഹാദ്' ഇരകളെ കണ്ടെത്തി മൊഴിയെടുക്കുന്നതിന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സിറ്റിങ് നടത്തിയതിന്റെ ഭാഗമായിരുന്നു ഹാദിയയെയും സന്ദര്‍ശിച്ചത്. ദേശീയ കമ്മിഷന്‍ ഹാദിയയെ സന്ദര്‍ശിച്ചിട്ടും സംസ്ഥാന വനിതാ കമ്മിഷന്‍ ഇതുവരെ യുവതിയെ കാണാനെത്താത്തത് വിമര്‍ശനത്തിന് ഇടവച്ചിരുന്നു.

മെഡിക്കല്‍ സംഘത്തിനൊപ്പം ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം വനിതാ കമ്മിഷന്‍ സുപ്രിം കോടതിക്കു മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി പരിഗണിച്ചിട്ടില്ല. ഈ മാസം ഇരുപത്തിയേഴിന് ഹാദിയ സുപ്രിം കോടതിയിലെത്തി നേരിട്ട് മൊഴിനല്‍കാനിരിക്കെയാണ്, സംസ്ഥാന വനിതാ കമ്മിഷന്‍ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചത്. 

ദേശീയ കമ്മിഷന് അനുമതി നല്‍കുകയും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിഷനെ വിലക്കുകയും ചെയത അശോകന്റെ നടപടി വിമര്‍ശനത്തിന് ഇട വരുത്തിയിട്ടുണ്ട്. അശോകന്‍ സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനത്തിലാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com