ചാണ്ടിയുടെ രാജിയില്‍ സിപിഎം-സിപിഐ സൈബര്‍ യുദ്ധം

ചാണ്ടിയുടെ രാജിയില്‍ സിപിഎം-സിപിഐ സൈബര്‍ യുദ്ധം

കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് സിപിഎം-സിപിഐ അണികള്‍. 

കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് സിപിഎം-സിപിഐ അണികള്‍. 

കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശം വന്നതിന് ശേഷം ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി ശരിയായില്ല എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും തോമസ് ചാണ്ടിയുടെ പണം പറ്റിയതുകൊണ്ടാണ് ചാണ്ടിയെ ഇത്രമാത്രം സംരക്ഷിക്കുന്നതെന്ന് സിപിഐ പ്രവര്‍ത്തകരും ആരോപിക്കുന്നു. 

സഭ്യതയുടെ ഭാഷ വിട്ടാണ് ഇരു പാര്‍ട്ടിക്കാരും തമ്മില്‍ തല്ലുന്നത്. ഇടത് ഐക്യം തകര്‍ത്ത് മന്ത്രിസഭയെ മാനംകെടുത്തുകയാണ് സിപിഐ ചെയ്തതെന്നും അവസരവാദ രാഷ്ട്രീയം കളിക്കുകയാണ് എന്നും സിപിഎം സൈബര്‍ സഖാക്കള്‍ ആരോപിക്കുന്നു. 

അതേസമയം തങ്ങള്‍ തിരുത്തല്‍ ശക്തിയായി തുടരുന്നതുകൊണ്ടാണ് എല്‍ഡിഎഫ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ചാണ്ടിയെ നല്ലവനാക്കി കാട്ടിയിട്ട് സിപിഎമ്മിന് എന്തുലാഭമാണ് ഉള്ളതെന്നും സിപിഐ സഖാക്കള്‍ തിരിച്ചു ചോദിക്കുന്നു. 

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ എല്ലാ വിഷയങ്ങളിലും സിപിഐ ഇടതുവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് സിപിഎം വാദിക്കുമ്പോള്‍ തെറ്റ് തിരുത്താന്‍ പറയുന്നതെങ്ങനെ ഇടതു വിരുദ്ധതയാകും എന്ന് സിപിഐ തിരിച്ചു ചോദിക്കുന്നു. 

നിലം നികത്തി നിര്‍മ്മിച്ച ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന് സിപിഐ നേതാവ് കെ.ഇ ഇസ്മായില്‍ എംപി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എന്തുകൊണ്ട് അതിനെതിരെ സിപിഐ പ്രതികരിക്കുന്നില്ലെന്നും ഇസ്മായിലിനെതിരെ നടപടി സ്വീകരിക്കുമോയെന്നും സിപിഎം ചോദിക്കുന്നു. വിഎസ് അച്യുതാനന്ദന്റെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യം തകര്‍ത്തത് സിപിഐ ആണെന്നും എന്നിട്ടിപ്പോള്‍ നല്ലപിള്ള ചമയുകയാണ് സിപിഐ ചെയ്യുന്നതെന്നും സിപിഎം പ്രവര്‍ത്തകര്‍ ശക്തിയായി ആരോപിക്കുന്നു. 

എംപി ഫണ്ട് അനുവദിച്ചത് പ്രദേശത്തെ അമ്പതോളം വരുന്ന കുടുംബങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണെന്നും അതിന് ശേഷമാണ് ചാണ്ടി ലേക് പാലസ് നിര്‍മ്മിച്ചതെന്നുമാണ് സിപിഐയുടെ മറുപടി. 

എന്തുകൊണ്ട് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചുവെന്ന് വിശദമാക്കി കൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ   ഫേസ്ബുക്ക് പോസ്റ്റിലും സിപിഎം പ്രവര്‍ത്തകര്‍ അസഭ്യ വര്‍ഷം ചൊരിയുന്നുണ്ട്. 

എന്‍സിപിക്ക് കേരള രാഷ്ട്രീയത്തില്‍ എന്ത് റോളാണ് ഉള്ളതെന്നും സിപിഎം നേതാക്കള്‍ ചാണ്ടിയുടെ പോക്കറ്റിലാണെന്നും സിപിഐക്കാര്‍ പറയുന്നു. മന്ത്രിസഭെ വെല്ലുവിുളിച്ച് കോടതിയില്‍പോയി അവിടെനിന്ന് സര്‍ക്കാരിനെ മാനം കെടുത്തിയ തോമസ് ചാണ്ടിയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് കണ്ണിലുണ്ണിയെന്ന് തുറന്നടിക്കുന്ന സിപിഐ പ്രവര്‍ത്തകര്‍, പിണറായി ഡാ എന്ന് പോസ്റ്റ് ചെയ്യാന്‍ കഴിയാതെ പോയതിന്റെ കൊതിക്കെറു തങ്ങള്‍ക്ക് നേരെ തീര്‍ക്കാന്‍ നില്‍ക്കരുതെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു.

സിപിഐ ബഹിഷ്‌കരിച്ച മന്ത്രിസഭാ യോഗത്തിലെ ഗുണകരമായ തീരുമാനങ്ങള്‍ എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനമങ്ങള്‍ സിപിഎം സൈബര്‍ പോരാളികള്‍ ഷെയര്‍ ചെയ്യുന്നത്. 

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തിലും പുതുവൈപ്പ് സമരത്തിലും ഇപി ജയരാജന്‍ വിഷത്തിലും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തിലുമെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഏറിയും കുറഞ്ഞും നിലനിന്നിരുന്ന സിപിഎം സിപിഐ സൈബര്‍ പോര് ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ച് പുറത്തുവന്നിരിക്കുയാണ്. 

മന്തിരസഭാ യോഗം ബഹിഷ്‌കരിച്ചത് ശരിയായ നടപടിയല്ലെന്നും സിപിഐക്ക് പരാതിയുണ്ടെങ്കില്‍ ആദ്യമേ പറയണമായിരുന്നുവെന്നും ചൂവിമര്‍ശിച്ച് സിപിഎം കേന്ദ്ര നേതൃത്വം കൂടി രംഗത്തെത്തിയിരിക്കുന്നതോടെ ഇരു പാര്‍ട്ടിക്കാരും തമ്മിലുള്ള സൈബര്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com