നിലം നികത്തി റോഡ് നിര്‍മ്മാണം : വിജിലന്‍സ് തോമസ്ചാണ്ടിയുടെ മൊഴിയെടുക്കും ;  തുടര്‍നടപടികളുമായി റവന്യൂവകുപ്പ് 

മണ്ണിട്ട് നികത്തിയ  സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂവകുപ്പ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി
നിലം നികത്തി റോഡ് നിര്‍മ്മാണം : വിജിലന്‍സ് തോമസ്ചാണ്ടിയുടെ മൊഴിയെടുക്കും ;  തുടര്‍നടപടികളുമായി റവന്യൂവകുപ്പ് 

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ തുടര്‍ നടപടികള്‍ക്ക് റവന്യൂമന്ത്രിയുടെ നിര്‍ദേശം. കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയത്. മണ്ണിട്ട് നികത്തിയ  സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും റവന്യൂവകുപ്പ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനിയ്ക്ക് നോട്ടീസ് അയക്കാനും കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. സംഘം ഉടന്‍ തന്നെ തോമസ് ചാണ്ടിയുടെ മൊഴിയെടുക്കുമെന്നാണ് സൂചന. പരാതിക്കാരനില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. റോഡ് നിര്‍മ്മിച്ച കരാറുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് സംഘം ഇപ്പോള്‍.

നാലുറീച്ചുകളിലായി നാലു കരാറുകാരാണ് റോഡ് നിര്‍മ്മാണം ഏറ്റെടുത്തത്. അനധികൃതമായി നിലം നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു എന്ന് കാണിച്ച് ജനതാദള്‍ എസ് നേതാവായിരുന്ന അഡ്വ. സുഭാഷാണ് കോട്ടയം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. കോട്ടയം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അതിനിടെ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി വീണ്ടും രംഗത്തെത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിരവധി തെറ്റുകളുണ്ട്. വേണ്ട വിധം പരിശോധന നടത്തിയല്ല കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന റവന്യൂവകുപ്പിന്റെ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാകാം റിപ്പോര്‍ട്ടില്‍ തെറ്റുവരാന്‍ കാരണമെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com