ഒഴുകുന്ന പുഴയുടെ വേറൊരു പേര്‌

പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയായിരുന്നു മക്കള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് അവരെത്തിയത്
ഒഴുകുന്ന പുഴയുടെ വേറൊരു പേര്‌

'പൈപ്പിലൂടെ ഒഴുകിയാല്‍ പുഴ പുഴയാവില്ല. അതിനൊരു ആവാസ വ്യവസ്ഥയുണ്ട്. പല പല ആവാസ വ്യവസ്ഥകളെ ബന്ധിപ്പിച്ചു കൊണ്ടാണ് അത് ഒഴുകുന്നത്. പശ്ചിമ ഘട്ടത്തിലെ ചോലപ്പുല്‍മേടുകളില്‍ നിന്ന് ഉല്‍ഭവിച്ച് ഇറങ്ങിവരുന്ന പുഴ ചെറിയ ചെറിയ നീര്‍ച്ചാലുകളായും പിന്നീട് കൈവഴികളായും താഴേക്കു പതിച്ച്, കാടിന്റെ ഊര്‍ജം വഹിച്ച് പുഴയോരക്കാടുകളെ തൊട്ട് കൊണ്ട്, കുറെ താഴെ എത്തുമ്പോള്‍ ജീവനുള്ള പാറക്കൂട്ടങ്ങളില്‍ തട്ടിത്തടഞ്ഞും, കുറച്ചുകൂടി താഴെയത്തെുമ്പോള്‍ സമതലങ്ങളിലൂടെയും മണല്‍ തിട്ടകലൂടെയും പരന്ന് ഒഴുകുമ്പോഴാണ് ഒരു പുഴ ആരോഗ്യമുള്ളതാവുന്നത്.'  പ്രകൃതി സ്‌നേഹം എന്നത് ജീവിതം തന്നെയാണെന്ന് തെളിയിച്ച് കടന്നുപോകുന്ന ഡോ. എ.ലത ഒരിക്കല്‍ പുഴയെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു.

ഒരു പുഴയെ എങ്ങിനെ നിലനിര്‍ത്താം എന്ന ചിന്തയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് മുന്നില്‍ നിന്നു പോരാടിയ സ്ത്രീയായിരുന്നു ലത എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ്‌ വാസുദേവന്‍ പറയുന്നു. വെസ്റ്റേണ്‍ ഘാട്ട് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനലിന്റെ രൂപീകരണത്തിന് കാരണമായത്. ജയറാം രമേശ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ലത ഉള്‍പ്പെടെ അഞ്ച് പേര്‍ അദ്ദേഹത്തിനടുത്തെത്തി പശ്ചിമ ഘട്ട സംരക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കണം, പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കണം എന്ന ആവശ്യം ഉന്നയിച്ചു. അങ്ങനെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാവുന്നത്.

റിവര്‍ റിസര്‍ച്ച് സെന്റര്‍ എന്ന് പറയുന്നൊരു ഇന്‍സ്റ്റീറ്റിയൂട്ടീന് രൂപം  നല്‍കിയായിരുന്നു ലത നദി സംരക്ഷണത്തിനായുള്ള തന്റെ ചുവടുകള്‍ ശക്തമാക്കിയതെന്നും ഹരീഷ് പറയുന്നു. നദിയെ സമഗ്രമായി കണ്ട് അതിന്റെ  നിലനില്‍പ്പിന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു റിവര്‍ റിസര്‍ച്ച് സെന്ററിന്റെ ലക്ഷ്യം. അതിരപ്പിള്ളി സംരക്ഷണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല സമരമായിരുന്നു വിട്ടുവീഴ്ചയില്ലാത്ത ലതയുടെ മറ്റൊരു നിലപാടിന് ഉദാഹരണം. പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായിട്ടായിരുന്നു മക്കള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് അവരെത്തിയത്.

അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ലത ഉന്നയിച്ച വാദങ്ങളില്‍ ഒന്നിനും
കെഎസ്ഇബിക്ക് മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. കാരണം കെഎസ്ഇബിയുടെ തന്നെ കണക്കുകള്‍ മുന്നോട്ടുവെച്ചായിരുന്നു  ലതയുടെ
പോരാട്ടം. മനുഷ്യനെ പോലെ നദികള്‍ക്കും മൗലീകാവകാശം നേടിക്കൊടുക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. മനുഷ്യരെ പോലെ ജീവനുള്ള വസ്തുവാണ് പുഴ. സ്വതന്ത്ര്യമായി ഒഴുകാനുള്ള അവകാശം, മലിനീകരണത്തിന്റെ കടന്നുകയറ്റമില്ലാതെ, ഒഴുക്ക് തടസപ്പെടുത്തുന്ന കൈകള്‍ തൊടാതെ സ്വതന്ത്ര്യമായി ഒഴുകുവാനുള്ള നദികളുടെ മൗലീക അവകശം ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരണം എന്നതായിരുന്നു അവരുടെ ലക്ഷ്യങ്ങളില്‍ ഒന്ന്.

പുഴയ്ക്ക് അതുവരെ ഇല്ലാതിരുന്ന ഒരു പ്രാധാന്യം അവരുമായി ബന്ധപ്പെട്ടവരുടെ മനസില്‍ കൊണ്ടുവരാന്‍ ആ സ്ത്രീയ്ക്ക് സാധിച്ചിരുന്നതായും ഹരീഷ്‌ ചൂണ്ടിക്കാട്ടുന്നു. നദി എന്നതിനെ ലത ചേച്ചിയിലൂടെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മനസിലാക്കിയിട്ടുള്ളത്. നദി എന്നു പറയുന്നത് ഈ ഒഴുകുമ്പോള്‍ കാണുന്ന സാധനം അല്ലാ എന്ന്. ഒരു കുന്നോ മലയോ പോകുന്നു എന്ന് പറഞ്ഞാല്‍ ആ നദിയുടെ കൈകളോ, കാലുകളോ പോകുന്നു എന്നാണ് അതിനര്‍ഥം എന്ന് എല്ലാവരേയും ബോധ്യപ്പെടുത്താനായിരുന്നു അവരുടെ ശ്രമങ്ങള്‍.

അതിരപ്പിള്ളി കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷമായി അവര്‍ ഹൈക്കോടതിയില്‍ വരാറില്ല. പക്ഷേ ജഡ്ജിമാരും, എതിര്‍ഭാഗത്ത് നിന്നുമുള്ള അഭിഭാഷകരും നമ്മളോട് ചോദിക്കും അവരിപ്പോള്‍ വരാറില്ലേ എന്ന്. ഏറ്റവും ആത്മാര്‍ഥതയോടെ പരിസ്ഥിതി കേസ് നടത്തുന്ന അവരെ മാത്രമേ കണ്ടിട്ടുള്ളു എന്നാണ് എല്ലാവരും പറയുന്നതെന്നും ഹരീഷ്‌ പറയുന്നു.

ലത വിട പറയുമ്പോള്‍ പുഴയ്ക്ക് വേണ്ടി, മരത്തിനു വേണ്ടി, അതിരപ്പിള്ളിയ്ക്ക് വേണ്ടി, പശ്ചിമഘട്ടത്തിനു വേണ്ടി ഉയര്‍ന്നു കൊണ്ടിരുന്ന ഒരു ശബ്ദമാണ് മാഞ്ഞു പോകുന്നതെന്ന് എഴുത്തുകാരി സി.എസ്.മീനാക്ഷി പറയുന്നു. പദ്ധതികളെ അന്ധമായി എതിര്‍ക്കാതെ കണക്കുകള്‍ വെച്ച് ശാസ്ത്രീയമായ തെളിവുകള്‍ വെച്ചുള്ള വാദഗതികള്‍ നിരത്തി ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലത. പ്രകൃതി സംരക്ഷണത്തിനും ചാലക്കുടി പുഴ സംരക്ഷണത്തിനും ശരിയായ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കാനുമായി കൃഷിവകുപ്പിലെ ജോലി ഉപേക്ഷിച്ച് വിശാലമായ ഒരു കര്‍മ്മമണ്ഡലത്തിലേക്കി ഇറങ്ങുകയായിരുന്നു ലത എന്ന് എഴുത്തുകാരി സി.എസ്.മീനാക്ഷി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com