ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടില്‍ തപ്പരുത്; സിപിഐ നിലപാടില്‍ വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റ്: വി.എസ് സുനില്‍കുമാര്‍

സമാന്തര മന്ത്രിസഭ യോഗം ചേര്‍ന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ കഴമ്പില്ല
ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടില്‍ തപ്പരുത്; സിപിഐ നിലപാടില്‍ വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റ്: വി.എസ് സുനില്‍കുമാര്‍

തൃശൂര്‍: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ചതുതന്നെയാണ് തന്റെയും നിലപാട്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടില്‍ തപ്പാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണവും അസാധാരണവുമായ സംഭവങ്ങള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. സമാന്തര മന്ത്രിസഭ യോഗം ചേര്‍ന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ കഴമ്പില്ല. അദ്ദേഹത്തിന്  എന്തുവേണമെങ്കിലും പറയാം. യുഡിഎഫിന്റെ രണകാലത്ത് സമാന്തര കാബിനറ്റ് ചേര്‍ന്നിട്ടുണ്ടാകാം. മുഖ്യമന്ത്രിയിലുള്ള സിപിഐയുടെ വിശ്വാസത്തില്‍ കോട്ടം തട്ടിയിട്ടില്ല. സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസഭയുടെ കൂട്ടത്തരവാദിത്തം ഇല്ലാതായിട്ടുമില്ല. 

രണ്ട് പാര്‍ട്ടികള്‍ക്ക് സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായമുണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം രണ്ട് പാര്‍ട്ടികള്‍ക്കുമുണ്ട്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി  മുന്നോട്ടുപോകും. പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി സിപിഐ കൊടുത്തിട്ടില്ല. അവര്‍ക്ക് പരസ്പരം തല്ലാന്‍ ധാരാളം വടിയുണ്ട്. വടി വാങ്ങാന്‍ ഒഴിഞ്ഞ കൈകള്‍ അവര്‍ക്കില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com