കിക്ക് ബോക്‌സിംഗ് താരം ഹരികൃഷ്ണന്റെ മരണത്തിന് കാരണം ബിജെപി മുഖ്യമന്ത്രി..? 

മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐസിയുവിലുണ്ടായിരുന്ന ഹരികൃഷ്ണനെ മാറ്റിയെന്നാണ് ആരോപണം 
കിക്ക് ബോക്‌സിംഗ് താരം ഹരികൃഷ്ണന്റെ മരണത്തിന് കാരണം ബിജെപി മുഖ്യമന്ത്രി..? 

തിരുവനന്തപുരം : കിക്ക് ബോക്സിംഗ് താരമായ ഹരികൃഷ്ണന്റെ മരണത്തിന് കാരണം ഛത്തീസ് ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗെന്ന് ആരോപണം. രമണ്‍ സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ആശുപത്രിയിലെ രണ്ടാം നിലയിലെ രോഗികളെ ഒഴിപ്പിച്ചപ്പോള്‍, ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ഹരികൃഷ്ണനെയും അവിടെ നിന്ന് മാറ്റി. ഇതേത്തുടര്‍ന്ന് അണുബാധ ഉണ്ടാകുകയും താരത്തിന്റെ നില ഗുരുതരമാകുകയായിരുന്നു എന്നുമാണ് ആക്ഷേപം. കൈരളി ന്യൂസാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. 

സെപ്തംബര്‍ 10ന് ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മല്‍സരത്തിനിടെയാണ് ഹരികൃഷ്ണന്‍ കുഴഞ്ഞുവീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ റായ്പൂര്‍ അംബേദ്കര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംസ്ഥാന സര്‍ക്കാരും സംസ്ഥാന ദേശീയ കിക്ക് ബോക്‌സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ വിവിഐപി ബ്ലോക്കിലെ ഐസിയുവും താരത്തിന് അനുവദിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടുതുടങ്ങിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. 

ഇതിനിടെയാണ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മകന്റെ ഭാര്യ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഇതേത്തുടര്‍ന്ന് വിഐപി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ രണ്ടാം നിലയിലെ രോഗികളെ പൂര്‍ണമായി ഒഴിപ്പിക്കുകയായിരുന്നു. മറ്റു രോഗികള്‍ക്കൊപ്പം ഹരികൃഷ്ണനെയും വിഐപി ബ്ലോക്കിലെ ഐസിയുവില്‍ നിന്നും മാറ്റി. ഇതേത്തുടര്‍ന്ന് ഹരികൃഷ്ണന് അണുബാധയുണ്ടായി. തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ വൈക്കത്തെ ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. 

കോട്ടയം ഏറ്റുമാനൂരിനടുത്ത് കടപ്പൂര്‍ സ്വദേശിയാണ് ഹരികൃഷ്ണന്‍. കിക്ക് ബോക്‌സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങളില്‍ സ്വര്‍ണമെഡല്‍ ജേതാവും കിക്ക് ബോക്‌സിംഗില്‍ കേരളത്തില്‍ നിന്ന് ദേശീയ-രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുത്ത ആദ്യ താരവുമാണ് ഹരികൃഷ്ണന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com