മൂന്നാര്‍ ഹര്‍ത്താല്‍ പട്ടയമേള അട്ടിമറിക്കാന്‍ ;  സിപിഎമ്മിനെതിരെ പോര്‍മുഖം ശക്തമാക്കി സിപിഐ

മൂന്നാര്‍ ഹര്‍ത്താല്‍ പട്ടയമേള അട്ടിമറിക്കാന്‍ ;  സിപിഎമ്മിനെതിരെ പോര്‍മുഖം ശക്തമാക്കി സിപിഐ

ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനാണെന്ന് സിപിഐ നോട്ടീസില്‍ ചോദിക്കുന്നു

മൂന്നാര്‍ : മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സിപിഐ രംഗത്ത്. മൂന്നാറില്‍ സര്‍ക്കാര്‍ നടത്തുന്ന പട്ടയമേള അട്ടിമറിക്കാനുള്ള നീക്കമെന്ന് സിപിഐ പുറത്തിറക്കിയ നോട്ടീസില്‍ ആരോപിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നത് ഇല്ലാതാക്കുകയാണ് ഹര്‍ത്താലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നോട്ടീസില്‍ സിപിഎമ്മിന്റെ പേര് എടുത്തുപറഞ്ഞാണ് ആരോപണം ഉന്നയിക്കുന്നത്. ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനാണെന്ന് നോട്ടീസില്‍ ചോദിക്കുന്നു.

കൊട്ടക്കമ്പൂരിലും വട്ടവടയിലും നിരവധി സര്‍ക്കാര്‍ ഭൂമി വന്‍കിടക്കാര്‍ കൈയേറിയിട്ടുണ്ട്. ഇത് തിരിച്ചുപിടിച്ച് സാധാരണക്കാര്‍ക്ക് നല്‍കാനുള്ള നടപടി റവന്യൂവകുപ്പ് സ്വീകരിച്ചുവരികയാണ്. കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന നടപടിയാണ് ചില നേതാക്കന്‍മാരെ കൂട്ടുപിടിച്ച് ഹൈറേഞ്ച് സംരക്ഷണസമിതിയും സിപിഎമ്മും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെയാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനം നടപ്പാക്കണമെന്നാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം നടപ്പാക്കേണ്ടത് എംഎല്‍എ അടക്കമുള്ളവരുടെ കൂടി ഉത്തരവാദിത്തമാണ്.ഇത്തരം സമരത്തോട് സിപിഐയ്ക്ക് യോജിക്കാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു. 

റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നടപടികള്‍ ജനജീവിതം സര്‍വ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ചാണ്  മൂന്നാര്‍ സംരക്ഷണ സമിതി 21 ന് 10 പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാര്‍ച്ച് 27, മെയ് 7, ജൂലൈ ഒന്ന്  തീയതികളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരും, ജനപ്രതിനിധികളും, സംഘടനാ നേതാക്കളും ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെയാണ് പ്രതിഷേധമെന്നും സമരക്കാര്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com