വ്യാജ തെളിവുണ്ടാക്കുന്നത് സന്ധ്യയുടെ പതിവ് രീതിയെന്ന് ദിലീപ്; ബെഹ്‌റ നീതികേട് കാണിച്ചു

കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരെ വ്യാജ തെളിവുണ്ടാക്കുക എന്നത് എഡിജിപി ബി സന്ധ്യയുടെ പതിവ് രീതിയാണ് 
വ്യാജ തെളിവുണ്ടാക്കുന്നത് സന്ധ്യയുടെ പതിവ് രീതിയെന്ന് ദിലീപ്; ബെഹ്‌റ നീതികേട് കാണിച്ചു

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി സന്ധ്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസിന് ദിലീപിന്റെ കത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ കത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ  നിസംഗ നിലപാടുകളാണ് താന്‍ പ്രതിയാകുന്നതിന് കാരണമെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് പറയുന്നു. ഒക്ടോബര്‍ 18നായിരുന്നു കത്ത് നല്‍കിയത്. തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളെ കുറിച്ച് മനസിലായപ്പോള്‍ തന്നെ ഫോണിലൂടേയും ഇമെയില്‍ വഴിയും പരാതിയുമായി ബെഹ്‌റയെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് ദിലീപ് പറയുന്നു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ വഴിയില്‍ അല്ല മുന്നോട്ടു പോകുന്നതെന്ന് മുന്‍ ഡിജിപി സെന്‍കുമാറും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് തെറ്റാണെന്ന് തെളിയിക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നു എന്നാണ് ദിലീപ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.  

കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരെ വ്യാജ തെളിവുണ്ടാക്കുക എന്നത് എഡിജിപി ബി സന്ധ്യയുടെ പതിവ് രീതിയാണെന്നും ദിലീപ് ആരോപിക്കുന്നു. സ്വന്തം കീര്‍ത്തി മാത്രമാണ് അവരുടെ ലക്ഷ്യം. മാധ്യമങ്ങളില്‍ തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നില്‍ എഡിജിപി സന്ധ്യയും കൂട്ടരുമാണ്. തന്നേയും നാദിര്‍ഷായേയും 13 മണിക്കൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തപ്പോള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത് ഇവരാണെന്നും ദിലീപ് ആരോപിക്കുന്നു. 

പൊലീസ് ക്ലബില്‍ നിന്നും മാധ്യമങ്ങള്‍ ലൈവ് വാര്‍ത്ത നല്‍കി കൊണ്ടിരുന്നത് അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ്. കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലും താനാണെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമുണ്ടായി. തന്നെ അപമാനിക്കുക എന്ന ലക്ഷ്യം വെച്ചാണ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് എന്ന പേരില്‍ കൊണ്ടുപോയത്. അത് അവര്‍ ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശനും, ഡിവൈഎസ്പി സോജന്‍ വര്‍ഗീസുമാണ് സന്ധ്യയുടെ നിര്‍ദേശപ്രകാരം തനിക്കെതിരായ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതെന്നും ദിലീപ് കത്തില്‍ പറയുന്നു. പരസ്പരം  പുകഴ്ത്തലാണ് സന്ധ്യയുടേയും ബെഹ്‌റയുടേയും രീതി. ജിഷ കേസില്‍ ഇത് കണ്ടതാണെന്നും, നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റിനിര്‍ത്തിയാല്‍ യഥാര്‍ഥ പ്രതികള്‍ കുടുങ്ങുമെന്നും ദിലീപ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com