സിപിഐയുമായി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം; രാജി കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിവച്ച് സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഐ സ്വീകരിച്ച നിലപാടുകളിലുള്ള അതൃപ്തി അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനും ധാരണയായി
സിപിഐയുമായി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം; രാജി കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിവച്ച് സംസ്ഥാന സെക്രട്ടേറിയറ്റ്

കൊച്ചി: തേമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുമായി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. സിപിഐ സ്വീകരിച്ച നിലപാടുകളിലുള്ള അതൃപ്തി അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനും ധാരണയായി. ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് യോഗം ശരിവച്ചു. 

മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ചൊല്ലിയായിരുന്നു സിപിഎമ്മും സിപിഐയും തമ്മില്‍ പരസ്യ വാക്‌പ്പോര് നടന്നത്. സിപിഐ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രാജിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. അസാധാരണമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയതുകൊണ്ടാണ് സിപിഐയ്ക്ക് അസാധാരണ നടപടി സ്വീകരിക്കേണ്ടി വന്നത് എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ടെന്നും സര്‍ക്കാരിനെ വെല്ലുവിളിച്ച് കോടതിയില്‍ പോയ മന്ത്രി പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനം ശരിയായിരുന്നുവെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു,കോടിയേരിക്ക് മറുപടി നല്‍കിയിരുന്നു. 

വിഷയത്തില്‍ ഇരുപാര്‍ട്ടികളുടേയും മുഖപത്രങ്ങളും ലേഖനങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ കടുത്ത പോരാണ് നടത്തുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഇനി പരസ്യ പ്രസ്താവനകള്‍ വേണ്ടെന്ന് സിപിഎം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com