മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th November 2017 12:53 PM |
Last Updated: 18th November 2017 12:53 PM | A+A A- |

പാലക്കാട് : മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിലവിലെ സംവരണം തുടരണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു സംശയവുമില്ല. മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ തോത് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതിനെതിരെ എസ്എന്‍ഡിപിയോഗവും ശിവഗിരി മഠവും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തിയത്.
ഉഭയകക്ഷി ചര്‍ച്ച പോലുമില്ലാതെ സര്‍ക്കാര്‍ കൊക്കൊണ്ട തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും, ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ നിയമപരമായി നേരിടുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വം അട്ടിമറിക്കാനാണ് ഇടതു സര്‍്ക്കാര്‍ ശ്രമിക്കുന്നതെന്നും, മുസ്ലീം ലീഗ് ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാനുമായി ഞായറാഴ്ച കണ്ണൂരില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.