'ഇടതുമുന്നണിയില്‍ ചേര്‍ന്നതില്‍ അഭിമാനം' ; 'ഹൈക്കോടതി വിധി ഉണ്ടായപ്പോള്‍ തന്നെ തോമസ് ചാണ്ടി രാജിവെക്കേണ്ടിയിരുന്നു'  : ബാലകൃഷ്ണപിള്ള 

യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് ഇടതു സര്‍ക്കാരിലെ മന്ത്രിമാരൊന്നും അഴിമതിക്കാരല്ല
'ഇടതുമുന്നണിയില്‍ ചേര്‍ന്നതില്‍ അഭിമാനം' ; 'ഹൈക്കോടതി വിധി ഉണ്ടായപ്പോള്‍ തന്നെ തോമസ് ചാണ്ടി രാജിവെക്കേണ്ടിയിരുന്നു'  : ബാലകൃഷ്ണപിള്ള 

തിരുവനന്തപുരം : ഹൈക്കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ തോമസ് ചാണ്ടി രാജിവെക്കേണ്ടിയിരുന്നു എന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. എങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു. തോമസ് ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അഴിമതി നിരോധന നിയമത്തിന്‍ കീഴില്‍ വരുന്നതല്ല. വിധി വന്ന ഉടന്‍ തന്നെ രാജിവെച്ച് കോടതിയില്‍ പോയി കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയുമായിരുന്നു. ആ അവസരം ആ നിലയില്‍ അദ്ദേഹം വിനിയോഗിക്കണമായിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. 

യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് ഇടതു സര്‍ക്കാരിലെ മന്ത്രിമാരൊന്നും അഴിമതിക്കാരല്ല. യുഡിഎഫിലെ അഴിമതി മടുത്തിട്ടാണ് ആ മുന്നണി വിട്ടത്. അതുകൊണ്ടു തന്നെ ഇടതുമുന്നണിയില്‍ ചേര്‍ന്നതില്‍ അഭിമാനമുണ്ട്. ഈ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ജനോപകാരപ്രദമാണ്. ഇടതു സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പാര്‍ട്ടിയ്ക്ക് തൃപ്തിയുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. 

ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബാലകൃഷ്ണപിള്ള അഭിനന്ദിച്ചു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് അനുമോദനം അറിയിക്കുന്നു. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള ഒരു ശരി ഉത്തരമാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രതിഷേധിക്കുന്നത്. 

സര്‍ക്കാര്‍ തീരുമാനം വഴി ദേവസ്വം ബോര്‍ഡില്‍ പിന്നോക്കക്കാര്‍ക്ക് സംവരണ ആനുകൂല്യം കുറഞ്ഞിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അവരുടെ ആനുകൂല്യം വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്‍എസ്എസിനെ പ്രീണിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനമെന്നും ബാലകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com