പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രിയ്ക്ക് അനുമോദനം : ബാലകൃഷ്ണപിള്ള

യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള ഒരു ശരി ഉത്തരമാണ് സര്‍ക്കാര്‍ തീരുമാനം
പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രിയ്ക്ക് അനുമോദനം : ബാലകൃഷ്ണപിള്ള

തിരുവനന്തപുരം : ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ പിന്തുണച്ച് മുന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം അര്‍പ്പിക്കുന്നതായി ബാലകൃഷ്ണ പിള്ള പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള ഒരു ശരി
ഉത്തരമാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രതിഷേധിക്കുന്നത്. 

സര്‍ക്കാര്‍ തീരുമാനം വഴി ദേവസ്വം ബോര്‍ഡില്‍ പിന്നോക്കക്കാര്‍ക്ക് സംവരണ ആനുകൂല്യം കുറഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. അവരുടെ ആനുകൂല്യം വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്‍എസ്എസിനെ പ്രീണിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനമെന്നും ബാലകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. മുന്നോക്കക്കാര്‍ക്കുള്ള സംവരണ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. 

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതിനെതിരെ എസ്എന്‍ഡിപിയോഗവും ശിവഗിരി മഠവും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തിയത്. 

ഉഭയകക്ഷി ചര്‍ച്ച പോലുമില്ലാതെ സര്‍ക്കാര്‍ കൊക്കൊണ്ട തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും, ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ നിയമപരമായി നേരിടുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വം അട്ടിമറിക്കാനാണ് ഇടതു സര്‍്ക്കാര്‍ ശ്രമിക്കുന്നതെന്നും, മുസ്ലീം ലീഗ് ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com