മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് സിപിഐ എക്‌സിക്യൂട്ടീവ് ; കെ ഇ ഇസ്മയിലിന് ജാഗ്രതക്കുറവുണ്ടായെന്ന് പ്രകാശ്ബാബു

മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടീവ് ഒറ്റക്കെട്ടായാണ് എടുത്തത്. ഇക്കാര്യത്തില്‍ സിപിഐയില്‍ ചേരിതിരിവില്ലെന്നും പ്രകാശ് ബാബു
മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് സിപിഐ എക്‌സിക്യൂട്ടീവ് ; കെ ഇ ഇസ്മയിലിന് ജാഗ്രതക്കുറവുണ്ടായെന്ന് പ്രകാശ്ബാബു

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ വിമര്‍ശനങ്ങളെ തള്ളി സിപിഐ. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം അനുസരിച്ചാണ്, തോമസ് ചാണ്ടിയുടെ രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ആ യോഗത്തില്‍ കെ ഇ ഇസ്മയില്‍ പങ്കെടുത്തിരുന്നില്ല. അതാണ് ഇസ്മയില്‍ ഇക്കാര്യം അറിയാതിരുന്നത്. വിട്ടുനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടീവ് ഒറ്റക്കെട്ടായാണ് എടുത്തത്. ഇക്കാര്യത്തിലുള്ള പരസ്യപ്രതികരണത്തില്‍ ഇസ്മയിലിന് ജാഗ്രതക്കുറവുണ്ടായെന്നും പ്രകാശ് ബാബു പറഞ്ഞു. 

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും, മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ കൂടിയാലോചിച്ചല്ലെന്നുമായിരുന്നു ഇന്നലെ കെ ഇ ഇസ്മയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ, തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മാണത്തിന് തന്റെ എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചത് പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു. ഇസ്മയിലിന്റെ വിമര്‍ശനം കണക്കിലെടുക്കേണ്ടതില്ല. നാക്കുപിഴയായി കണക്കാക്കിയാല്‍ മതിയെന്നും പ്രകാശ്ബാബു പറഞ്ഞു.

അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി ശിവരാജനാണ് റിസോര്‍ട്ടിലേക്ക് റോഡ് വേണമെന്ന് ആവശ്യപ്പെട്ടത്. അക്കാര്യം ഇസ്മായിലും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആഞ്ചലോസും വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 22 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി വ്യക്തമാക്കി.

സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് മുന്നണി ബന്ധം വഷളാക്കിയെന്നത് അടക്കമുള്ള ഇ പി ജയരാജന്റെ വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിയാട്ടിയപ്പോള്‍, ഇതു സംബന്ധിച്ച അതൃപ്തി മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി പ്രകടിപ്പിച്ചതാണെന്ന് പ്രകാശ് ബാബു പറഞ്ഞു. ദേശാഭിമാനി ഇതുസംബന്ധിച്ച ലേഖനവും പ്രസിദ്ധീകരിച്ചു. നിലപാട് സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ മറുപടി പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍, താഴേക്കിടയിലുള്ള മറ്റു നേതാക്കളുടെ പ്രതികരണം കാര്യമായി എടുക്കേണ്ടെന്ന് പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com