മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം : ഗുരുദേവ പ്രതിമ മറയാക്കി നടപ്പാക്കിയ വന്‍ ചതിയെന്ന് ശിവഗിരി മഠം

ഹിന്ദു രാഷ്ട്രീയത്തിന്റെ വളര്‍ച്ച മുന്നോക്ക സമുദായങ്ങളിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ് അവരെ കൈയിലെടുക്കാനുള്ള അതിബുദ്ധിയാണിത്
മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം : ഗുരുദേവ പ്രതിമ മറയാക്കി നടപ്പാക്കിയ വന്‍ ചതിയെന്ന് ശിവഗിരി മഠം

തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്എന്‍ഡിപിയും ശിവഗിരി മഠവും രംഗത്തെത്തി. ഗുരുദേവ പ്രതിമയുടെ മറ പിടിച്ച് സാമ്പത്തിക സംവരണം എന്ന രഹസ്യ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന കൗശലം പ്രബുദ്ധ കേരളം തിരിച്ചറിയണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

ജാതിഭേദമില്ലാത്ത സമൂഹസൃഷ്ടിയുടെ ഭാഗമാണ് സാമുദായിക സംവരണം. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിയിട്ട ജനവിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരാനും, ഭരണവ്യവസ്ഥയില്‍ പങ്കാളികളാക്കാനും നവോത്ഥാന നായകര്‍ നടത്തിയ ശാസ്ത്രീയവും തത്വദീക്ഷാപരവുമായ ഇടപെടലാണ് സാമുദായിക സംവരണത്തിലൂടെ നടപ്പായത്. അതിന്റെ ഫലം ഇപ്പോഴും ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയായിട്ടില്ല. സംവരണം നടപ്പായ കാലത്ത് തന്നെ ഭരണതലപ്പത്തെ മുഴുവന്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന ജാതിമേധാവിത്വം അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അതാണ് 1957 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ ഭരണപരിഷ്‌കാര നിര്‍ദേശങ്ങളില്‍ നിഴലിച്ചത്. 

അന്ന് കേരള കൗമുദി പത്രാധിപര്‍ കെ സുകുമാരന്റെ നേതൃത്വത്തിലാണ് പ്രബുദ്ധകേരളം അതിന്റെ മുള നുള്ളിയത്. വര്‍ഷങ്ങല്‍ക്ക് ശേഷം സാമൂഹിക സാഹചര്യങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ കേന്ദ്രീകൃതമായ അവസരം നോക്കിയുള്ള സര്‍ക്കാരിന്റെ മുതലെടുപ്പായിട്ടേ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂ. ഹിന്ദു രാഷ്ട്രീയത്തിന്റെ വളര്‍ച്ച മുന്നോക്ക സമുദായങ്ങളിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ് അവരെ കൈയിലെടുക്കാനുള്ള അതിബുദ്ധിയാണിത്. ജാതിയില്ലായ്മയുടെ കഥ പറഞ്ഞ് പിന്നോക്ക സമുദായങ്ങളെ രാഷ്ട്രീയ എലിപ്പെട്ടികലിലാക്കി വെച്ചിരിക്കുകയാണ്. ഏറ്റവും വലിയ ജാതി മേധാവിത്വമുള്ള ദേവസ്വം ബോര്‍ഡില്‍ തന്നെ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് വന്‍ ചതിയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മുന്നോക്കം കൊണ്ടു വരാന്‍ സംവരണത്തിന്റെ ആവശ്യമില്ല. പ്രീണന ഇടപെടലുകള്‍ നിര്‍ത്തി, നാടിനും നാട്ടാര്‍ക്കും ഗുണമുണ്ടാകണമെന്ന ചിന്തയോടെ ഭരിച്ചാല്‍ മതിയെന്നും ശിവഗിരി മഠം പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെടുന്നു. 

ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. ജാതി വിവേചനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കഷ്ടനഷ്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മതിയായ ഭരണപങ്കാളിത്തം നല്‍കുക എന്ന മഹത്തായ ലക്ഷ്യമാണ് സംവരണത്തിന് പിന്നിലുള്ളത്. ഈ ലക്ഷ്യം തന്നെ അട്ടിമറിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ സംവരണ തീരുമാനം. പിന്നോക്ക ജനവിഭാഗങ്ങളുടെ ചോരയംു നീരും കൊണ്ട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്തരം നീക്കം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com