സാമ്പത്തിക സംവരണം ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

എന്തുകൊണ്ട് ഒരു കാലത്ത് ഈ പ്രസ്ഥാനങ്ങളുടെ അടിത്തറ ആയിരുന്ന ദലിതര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് അകലുന്നു എന്ന് ഈ പാര്‍ട്ടികള്‍ ചിന്തിക്കണം
സാമ്പത്തിക സംവരണം ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നതും അതു നടപ്പാക്കി വിപ്ലവമാണെന്നു പറയുന്നതും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജാതി രണ്ടാമത്തെ പ്രശ്‌നം മാത്രമാണെന്ന മാര്‍ക്‌സിന്റെ തെറ്റ് ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ഒരു നിര്‍ണായക ശക്തി ആകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും ഇന്ത്യയിലെ അസമത്വത്തിന്റെയും വിവേചനത്തിന്റെയും അടിസ്ഥാന കാരണം ജാതി വ്യവസ്ഥ ആണ് എന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. ഡോ. അംബേദ്കര്‍ അത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിച്ച ആ യാഥാര്‍ത്ഥ്യം മാര്‍ക്‌സിന് മനസ്സിലായില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ പ്രധാന അടിത്തറ ജാതിയാണന്ന് ഡോ. അംബേദ്കര്‍ സ്ഥാപിച്ചപ്പോള്‍ ജാതി ദ്വിതീയ പ്രശ്‌നം മാത്രമാണെന്ന് മാര്‍ക്‌സ് കണ്ടെത്തി. ഇതില്‍ അംബേദ്കര്‍ ആണ് ശരിയെന്ന് ഇന്ത്യയില്‍ ജീവിക്കുന്ന നീതിബോധമുള്ള ആരും അംഗീകരിക്കുമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ എല്ലാ വിധ സാമൂഹിക പ്രശ്‌നങ്ങളുടെയും മൂല ഹേതു ജാതി വ്യവസ്ഥയും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനവുമാണ്. പക്ഷേ, ഇന്ത്യയെ വായിക്കുന്നതില്‍ മാര്‍ക്‌സിന് പറ്റിയ തെറ്റ് ഇന്ത്യയിലെ 'മാര്‍ക്‌സിസ്റ്റു'കളും തുടരുന്നു. അതുകൊണ്ടാണ് ഡോ. അംബേദ്കര്‍ ഭരണഘടനയിലൂടെ ഉറപ്പിച്ച ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എന്ന തത്വത്തിന്റെ പൊരുള്‍ ഇവിടുത്തെ ഇടതുപക്ഷത്തിന് മനസ്സിലാകാത്തത്. സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നതും അത് നടപ്പിലാക്കി 'വിപ്ലവം' നടപ്പിലാക്കുന്നതും ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ജാതിവിവേചനത്തിരെയുള്ള ചെറുത്തുനില്‍പ്പും സ്വാഭിമാനവും പ്രതിധാനം ചെയ്യുന്ന 'ദലിത് '' എന്ന സംജ്ഞ ഉപയോഗിക്കരുത് എന്നൊക്കെ വാദിക്കുന്നതും യഥാര്‍ത്ഥ ഇന്ത്യയെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ അജ്ഞതയും പ്രത്യയശാസ്ത്രപരമായ പാപ്പരത്വവുമാണ് വെളിവാക്കുന്നത്. എന്തുകൊണ്ട് ഒരു കാലത്ത് ഈ പ്രസ്ഥാനങ്ങളുടെ അടിത്തറ ആയിരുന്ന ദലിതര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് അകലുന്നു എന്ന് ഈ പാര്‍ട്ടികള്‍ ചിന്തിക്കണം. അംബേദ്കറിനെ അഭിമുഖീകരിക്കാതെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് നിലനില്‍ക്കുവാന്‍ കഴിയില്ല. ജാതി തന്നെയാണ് ഇന്ത്യയിലെ വര്‍ഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com