"ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും എന്താകുമെന്ന് കണ്ടറിയാം" ; സിപിഎമ്മിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

എന്താണ് മുന്നണി മര്യാദ എന്ന് ചര്‍ച്ച വേണം. അതിന് ശേഷം മറുപടി പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി
"ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും എന്താകുമെന്ന് കണ്ടറിയാം" ; സിപിഎമ്മിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിട്ടു നില്‍ക്കുകയല്ല, പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. മാറി നിന്നു, വിട്ടുനിന്നു, ബഹൃിഷ്‌കരിച്ചു എന്നൊക്കെ പറയുമ്പോള്‍ അര്‍ത്ഥവ്യത്യാസമുണ്ട്.  കോടിയേരി അടുത്ത സുഹൃത്താണ്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു. 

സിപിഐ നിലപാട് തള്ളിയ കെ ഇ ഇസ്മായിലിന്റെ അഭിപ്രായത്തെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണം. എല്‍ഡിഎഫ് യോഗത്തില്‍ താനും പന്ന്യന്‍ രവീന്ദ്രനും കെ ഇ ഇസ്മയിലും പങ്കെടുത്തതാണ്. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് അനുസരിച്ചാണ് അവിടെ സംസാരിച്ചത്. പിന്നീട് ഇസ്മായിലിന് എന്തുപറ്റിയെന്ന് തനിക്കറിയില്ല. 

മന്ത്രിസഭയില്‍ നിന്നും മാറി നിന്നത് മുന്നണിയില്‍ വിള്ളലുണ്ടാക്കില്ലെന്ന് കാനം പറഞ്ഞു. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. മൂന്നാറില്‍ മന്ത്രി എംഎം മണി റവന്യൂ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോള്‍, മണി എന്റെ സുഹൃത്താണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് താന്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. 

മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന സിപിഎം വിമര്‍ശനത്തോട്, എന്താണ് മുന്നണി മര്യാദ എന്ന് ചര്‍ച്ച വേണം. അതിന് ശേഷം മറുപടി പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്തുവിഷയവും ചര്‍ച്ച ചെയ്യാനും, തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാനുള്ള വേദിയാണ് മന്ത്രിസഭായോഗമെന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയും കാനം ഖണ്ഡിച്ചു. മുന്നണികള്‍ മര്യാദയെന്നത് മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുന്നതാണ്. അതാണ് 12 ആം തീയതി നടന്നത്. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ ഒരു ചുക്കുമല്ലെന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രതികരണത്തോട്, ഒറ്റയ്ക്കു എല്ലാവരും നിന്നാല്‍ എന്താകുമെന്ന് നമുക്ക് കണ്ടറിയാമെന്നും കാനം പറഞ്ഞു.  

സിപിഐയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഈ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്യുന്നതാകും. സിപിഎമ്മിലെയും സിപിഐയിലെയും അണികള്‍ക്കും നേതാക്കള്‍ക്കും നല്ല രാഷ്ട്രീയബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ ഒരു അഭിപ്രായവ്യത്യാസവുമുണ്ടാകില്ല. സൈബര്‍ പോരാളികള്‍ക്ക് രാഷ്ട്രീയമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും കാനം അഭിപ്രായപ്പെട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com