ജഡ്ജിയുടെ കാറില്‍ തട്ടിയെന്ന് ആരോപണം;  കൈക്കുഞ്ഞും രോഗിയും അടങ്ങിയ കുടുംബത്തിന് പൊലീസ് പീഡനം

പിടിച്ചു നിര്‍ത്താന്‍ പറഞ്ഞതു കൊണ്ടാണ് പിടിച്ചു നിര്‍ത്തിയതെന്നും, വിട്ടയക്കാന്‍ പറയുമ്പോള്‍ വിടുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം
ജഡ്ജിയുടെ കാറില്‍ തട്ടിയെന്ന് ആരോപണം;  കൈക്കുഞ്ഞും രോഗിയും അടങ്ങിയ കുടുംബത്തിന് പൊലീസ് പീഡനം

ആലുവ: ജഡ്ജിയുടെ കാരില്‍ ഉരസിയെന്ന് ആരോപിച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ മണിക്കൂറുകളോളം വലച്ച് പൊലീസ്. വൃക്കരോഗിയായ വൃദ്ധനും, രണ്ട് വയസുള്ള കൈക്കുഞ്ഞും അടങ്ങിയ സംഘത്തെയാണ് രണ്ട് ജില്ലകളിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി കയറ്റി ഇറക്കി പൊലീസ് പീഡിപ്പിച്ചത്.  

രാവിലെ ഒന്‍പതരയോടെ കൊരട്ടി ചിറങ്ങരയിലായിരുന്നു സംഭവം. കുടുംബവുമായി സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസില്‍ പെട്ടാലും തടഞ്ഞുവയ്ക്കരുതെന്നും, ഡ്രൈവറുടെ നിയമലംഘനത്തിന് സ്ത്രീകളേയും കുട്ടികളേയും സ്‌റ്റേഷനില്‍ കൊണ്ടുപോകരുതെന്നും ഡിജിപിയുടെ നിര്‍ദേശം ഉള്ളപ്പോഴാണ് ഒരു കുടുംബത്തെ ആറ് മണിക്കൂറുകളോളം പൊലീസുകാര്‍ വലച്ചത്.  

ഒരേ ദിശയില്‍ പോവുകയായിരുന്നു ഇരുകാറുകളും. ഇടതുവശത്ത് കൂടി ജഡ്ജിയുടെ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ തന്റെ കാറിന്റെ കണ്ണാടയില്‍ തട്ടുകയായിരുന്നു എന്നാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ നിധിന്‍ ആരോപിക്കുന്നത്. ഇടിച്ചതിന് ശേഷവും നിര്‍ത്താതെ പോയ ജഡ്ജിയുടെ കാര്‍ സിഗ്നലില്‍ കുടുങ്ങി. സംഭവത്തിന് ദൃക്‌സാക്ഷികളായ ബസ് ഡ്രൈവര്‍മാരും ബൈക്ക് യാത്രീകരും ജഡ്ജിയുടെ കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തതായും നിധിന്‍ പറയുന്നു. 

ജഡ്ജി പിന്‍സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു എങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല. ഹൈവേ പൊലീസ് വന്നിട്ട് പ്രശ്‌നം പരിഹരിക്കാം എന്ന് താന്‍ പറഞ്ഞെങ്കിലും, നീ പൊലീസിനേയോ, പട്ടാളത്തേയോ വിളിക്ക് എന്ന് പറഞ്ഞ് ജഡ്ജിയുടെ ഡ്രൈവര്‍ കാറെടുത്ത്  പോവുകയായിരുന്നു എന്നും നിധിന്‍ പറയുന്നു. എന്നാല്‍ പതിനൊന്നരയോടെ തോട്ടയ്ക്കാട്ടുകരയില്‍ വെച്ച് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ആലുവ ട്രാഫിക് പൊലീസ് പിടികൂടി. 

കുടുംബാംഗങ്ങളേയും കൂട്ടി കാര്‍ ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നും പന്ത്രണ്ടരയോടെ ചാലക്കുടി പൊലീസ് സ്റ്റേഷനിലേക്ക് കുടുംബത്തെ അയച്ചു. ഇവിടെ മണിക്കൂറുകളോളം നിന്നു കഴിഞ്ഞപ്പോള്‍ കൊരട്ടി സ്‌റ്റേഷനിലേക്ക് പോകുവാനായി അടുത്ത നിര്‍ദേശം. എന്നാല്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചപ്പോള്‍ മൂന്ന് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കും പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.

കുടുംബത്തെ പിടിച്ചു നിര്‍ത്താന്‍ പറഞ്ഞതു കൊണ്ടാണ് പിടിച്ചു നിര്‍ത്തിയതെന്നും, വിട്ടയക്കാന്‍ പറയുമ്പോള്‍ വിടുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം എന്നും കാര്‍ ഡ്രൈവര്‍ നിധിന്‍ പറയുന്നു. ജഡ്ജിയുടെ കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്നും, അദ്ദേഹം ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തെ സ്‌റ്റേഷനിലേക്ക് എത്തിച്ചതെന്നുമാണ് ചാലക്കുടി പൊലീസിന്റെ വിശദീകരണം. രേഖാമൂലം പരാതി ഇല്ലാത്തതിനാല്‍ കുടുംബത്തെ താക്കീത് നല്‍കി വിട്ടയച്ചെന്ന് കൊരട്ടി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com