'മംഗളത്തിന്റേത് ക്രിമിനല്‍ ഗൂഢാലോചന, ലൈസന്‍സ് റദ്ദാക്കണമെന്ന് ശുപാര്‍ശ' ; ഫോണ്‍കെണിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
'മംഗളത്തിന്റേത് ക്രിമിനല്‍ ഗൂഢാലോചന, ലൈസന്‍സ് റദ്ദാക്കണമെന്ന് ശുപാര്‍ശ' ; ഫോണ്‍കെണിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം : മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ അന്വേഷണം നടത്തിയ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഉദ്ഘാടനം ചെയ്യപ്പെട്ട മംഗളം ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി. ചാനല്‍ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ ശബ്ദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എ കെ ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സങ്ങളില്ല. എന്നാല്‍ അത് താനൊറ്റയ്ക്കല്ല തീരുമാനിക്കേണ്ടത്. അക്കാര്യം വേണ്ടപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും, എന്‍സിപി നേതൃത്വത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

കേസ് അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 16 ശുപാര്‍ശകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ കോപ്പി കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നല്‍കണം. ശശീന്ദ്രനെതിരായ ശബ്ദരേഖ സംപ്രേഷണം ചെയ്ത മംഗളം ചാനലിനെതിരായ പരാതി പുനപരിശോധിക്കണം, ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് റദ്ദാക്കാനും കമ്മീഷന്‍ ശുപാര്‍ശ നല്‍കി. രണ്ട് ക്രിമിനല്‍ കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഐടി ആക്ട് പ്രകാരം നിയമനടപടിയ്ക്ക് വിധേയമാക്കണം. ചാനല്‍ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 

ദൃശ്യമാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണം ഇല്ലാത്തത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണം. ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കണം. പ്രസ് കൗണ്‍സിലിനെ മീഡിയാ കൗണ്‍സില്‍ ആയി മാറ്റണം. ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കണം. അന്വേഷണവുമായി ബന്ധപ്പെട്ടും അല്ലാതെയും പൊതുഖജനാവിനുണ്ടായ നഷ്ടം ചാനലില്‍നിന്ന് ഈടാക്കണം. ചാനലുകളുടെ അധാര്‍മിക പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് മാതൃകയില്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കമ്മീഷന്‍ ശുപാര്‍ശകളില്‍ ഒന്നു മുതല്‍ അഞ്ചുവരെയും, ഏഴുമുതല്‍ 16 വരെയുമുള്ള ശുപാര്‍ശകളെ ക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി എന്നിവരാണ് സമിതിയെ അംഗങ്ങള്‍. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  ആറാമത്തെ ശുപാര്‍ശ കേസ് അന്വേഷണത്തിലെ വീഴ്ച സംഭവിച്ചാണ്. ഇതേക്കുറിച്ച് പരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com