മഞ്ജു വാര്യര്‍ പ്രധാന സാക്ഷി, വിപിന്‍ലാലും അനീഷും മാപ്പുസാക്ഷികള്‍; ദിലീപിനെതിരെ 650 പേജുള്ള കുറ്റപത്രം

പതിനാലു പേരെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്
മഞ്ജു വാര്യര്‍ പ്രധാന സാക്ഷി, വിപിന്‍ലാലും അനീഷും മാപ്പുസാക്ഷികള്‍; ദിലീപിനെതിരെ 650 പേജുള്ള കുറ്റപത്രം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയാവും. രണ്ടു മാപ്പുസാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള, നടന്‍ ദിലീപ് ഉള്‍പ്പെടെ പതിനാലു പ്രതികള്‍ക്കെതിരായ കുറ്റപത്രം ഉച്ചയോടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. 650 പേജാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്.

കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിക്കു വേണ്ടി ജയിലില്‍നിന്നു കത്തെഴുതിയ സഹതടവുകാരന്‍ വിപിന്‍ ലാല്‍, സുനിക്കു ദിലിപീനെ വിളിക്കാന്‍ ഫോണ്‍ നല്‍കിയ പൊലീസുകാരന്‍ അനീഷ് എന്നിവരാണ് മാപ്പുസാക്ഷികള്‍. വിപിന്‍ ലാല്‍ ആണ് കാക്കനാട് ജയിയില്‍നിന്ന് സുനിക്കു വേണ്ടി ദിലീപീനു കത്തെഴുതിയത്. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരന്‍ അനീഷിന്റെ ഫോണില്‍നിന്നാണ് സുനി ദിലീപിനെ വിളിച്ചത്. ദിലീപേട്ടാ പെട്ടു എന്നായിരുന്നു അനീഷിന്റെ ഫോണില്‍നിന്ന് ദിലീപിന് സുനി കൈമാറിയ സന്ദേശം.

പതിനാലു പേരെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടന്നെങ്കിലും ആദ്യ കുറ്റപത്രം ഉള്‍പ്പെടെ മൊത്തം അഴിച്ചുപണിയേണ്ടി വരും എന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. 

355 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നടി മഞ്ജുവാര്യര്‍ പ്രധാന സാക്ഷികളില്‍ ഒരാളാവും. മഞ്ജുവാര്യരുമായുള്ള ദിലിപിന്റെ വിവാഹ ബന്ധം തകര്‍ക്കുംവിധത്തില്‍ ഇടപെട്ടതിലുള്ള വൈരാഗ്യം നിമിത്തം ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസിന്റെ വാദം. അന്‍പതോളം സാക്ഷികളാണ് സിനിമാമേഖലയില്‍നിന്നുള്ളത്.  164 പ്രകാരം രേഖപ്പെടുത്തിയ 33 രഹസ്യമൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും സിനിമാ മേഖലയില്‍നിന്നുള്ളവരാണ്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനൊപ്പം ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com