കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്‌നം :  മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ;  റവന്യൂ, വനം മന്ത്രിമാര്‍ പങ്കെടുക്കും

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയം  ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം
കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്‌നം :  മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ;  റവന്യൂ, വനം മന്ത്രിമാര്‍ പങ്കെടുക്കും

ഇടുക്കി : കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ദേവികുളം സബ് കളക്ടര്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയതിനെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം. യോഗത്തില്‍ റവന്യൂ വനം മന്ത്രിമാര്‍ പങ്കെടുക്കും. ഇടുക്കി കളക്ടര്‍, ദേവികുളം സബ് കളക്ടര്‍ എന്നിവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. 

ജോയ്‌സ് ജോര്‍ജ്ജിന്റെ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന് പറയാതെ, കുറിഞ്ഞി സങ്കേതത്തിലെ ഭൂ പ്രശ്‌നം എന്ന നിലയിലാണ് യോഗം വിളിച്ചത്. 
ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും കൊട്ടക്കമ്പൂരില്‍ 20 ഏക്കര്‍ ഭൂമിയാണ് കൈവശപ്പെടുത്തിയത്. ജോയ്‌സിന്റെ ഭൂമിയെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചിരുന്നു. എന്നാല്‍ എം.പിയുടെയും കുടുംബത്തിന്റേതും വ്യാജ പട്ടയമെന്ന് കണ്ടെത്തി ദേവികുളം സബ് കലക്ടര്‍ റദ്ദാക്കുകയായിരുന്നു. 
 
പതിച്ചു കൊടുക്കാനാവാത്ത സ്ഥലം കൈവശം വച്ചു, ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി ചേര്‍ന്നതിന്റെ രേഖകളില്ല തുടങ്ങിയ കാരണങ്ങളാലാണ് പട്ടയം റദ്ദാക്കിയത്. ജോയ്‌സിന്റെ അച്ഛന്‍ തമിഴ്‌നാട് സ്വദേശികളെ മുന്‍നിര്‍ത്തി ഭൂമി കൈവശപ്പെടുത്തിയതാണെന്നും സബ് കളക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമി പിതൃസ്വത്തായി ലഭിച്ചതാണെന്നും, വര്‍ഷങ്ങളായി കരം അടച്ചുവരുന്നതായും ജോയ്‌സ് ജോര്‍ജ്ജ് വാദിക്കുന്നു. 

ജോയ്‌സിന്റെ ഭൂമിയെ ചൊല്ലി സിപിഎം-സിപിഐ പ്രാദേശിക നേതൃത്വം തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. റവന്യൂ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മൂന്നാര്‍ സംരക്ഷണ മുന്നണിയുടെ പേരില്‍ സിപിഎം പ്രാദേശിക ഹര്‍ത്താലും നടത്തി. സമരത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നു. കൂടാതെ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറെ മന്ത്രി എംഎം മണി വട്ടനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. സഹകരിച്ച് പോയാല്‍ നല്ലതെന്ന് മന്ത്രി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com