ബഹിഷ്‌കരണത്തെ വിമര്‍ശിച്ച കോളം ജനയുഗം നിര്‍ത്തി; സിപിഐയിലുള്ളത് "കാനമിസ്റ്റു"കളെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി

പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളുടെ ലേഖനം പാര്‍ട്ടി പത്രത്തില്‍ വരുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും അവരുടെ ആവശ്യപ്രകാരമാണ് പംക്തി ഒഴിവാക്കിയതെന്നും ജനയുഗം എഡിറ്റര്‍
ബഹിഷ്‌കരണത്തെ വിമര്‍ശിച്ച കോളം ജനയുഗം നിര്‍ത്തി; സിപിഐയിലുള്ളത് "കാനമിസ്റ്റു"കളെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി

കൊച്ചി: സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ല എന്ന് ഫേസ്ബുക്കില്‍ എഴുതിയതിന് താന്‍ പാര്‍ട്ടി മുഖപത്രം ജനയുഗത്തില്‍ എഴുതിക്കൊണ്ടിരുന്ന പംക്തി പത്രം അവസാനിപ്പിച്ചെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. ഫെസ്ബുക്ക് എഴുത്തിന് വലിയ ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി.സിപിഐ മന്ത്രിമാരുടെ മന്ത്രിസഭായോഗബഹിഷ്‌ക്കരണം തെറ്റെന്നു ഫെസ്ബുക്കില്‍ എഴുതിയതിന്റെ പേരില്‍ ജനയുഗത്തില്‍ എഴുതി വന്നിരുന്ന ''നേരും പോരും'' എന്ന കോളം(പംക്തി)മേലില്‍ എഴുതേണ്ടതില്ലെന്നു ഇതാ അരമണിക്കൂര്‍ മുമ്പ് അറിയിപ്പു വന്നിരിക്കുന്നു. വളരെ സന്തോഷം ഇവരുടെ കയ്യില്‍ ജനാധിപത്യം സുരക്ഷിതമാണ്.ലാല്‍സലാം. ഇതായിരുന്നു വിശ്വഭദ്രാനന്ദന്റെ പോസ്റ്റ്. 

എന്നാല്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളുടെ ലേഖനം പാര്‍ട്ടി പത്രത്തില്‍ വരുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും അവരുടെ ആവശ്യപ്രകാരമാണ് പംക്തി ഒഴിവാക്കിയതെന്നും ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് സമകാലിക മലയാളത്തോട് പ്രതികരിച്ചു. 

ജനയുഗത്തിനെതിരെ പോസ്റ്റിട്ടതിന് പിന്നാലെ വിശ്വഭദ്രാനന്ദനും സിപിഐ അണികളും തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ്. പാര്‍ട്ടിയെ കളിയാക്കി പോസ്റ്റിട്ട ശക്തിബോധി ഇക്കിളി സ്വാമി ആണെന്നാണ് സിപിഐക്കാരുടെ പരാമര്‍ശം. കായല്‍ ചാണ്ടിയുടെ താറാവ് കാല് തൊണ്ടയില്‍ കുരുങ്ങിയ സ്വാമിക്ക് സമാധനാക്കേടാണെന്ന് അവര്‍ പരിഹസിക്കുന്നു. 

അതേസമയം സിപിഐയ്‌ക്കെതിരെ വീണ്ടും പോസ്റ്റുകളുമായി വിശ്വഭദ്രാനന്ദന്‍ രംഗത്തെത്തി. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം പാര്‍ട്ടി തീരൂമാനം അനുസരിച്ച് ബഹിഷ്‌ക്കരിച്ചത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ രാപ്പകല്‍ കഠിനാദ്ധ്വാനം ചെയ്ത ലക്ഷകണക്കിനു പ്രവര്‍ത്തകരോടള്ള നന്ദിക്കേടാണെന്നു ഞാന്‍ ഫെയ്‌സുബുക്കില്‍ എഴുതിയതിനു ജനയുഗത്തിലെ ലേഖനമെഴുത്തില്‍ നിന്നു സിപിഐക്കാര്‍ എന്നെ ഒഴിവാക്കി.എന്നാല്‍ സിപിഐനടപടി ശരിയല്ലെന്നു പറഞ്ഞ കോടിയേരി , ആനത്തലവട്ടം, ബേബിജോണ്‍, എം.എം. മണി, കെ.ടി.ജലീല്‍ എന്നിവരുടെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാറില്‍ തുടരാന്‍ ഒരു ആദര്‍ശാഭിമാനക്കുറവും സിപിഐക്കില്ല. ഇതാണ് ആദര്‍ശ പ്രയോഗത്തിലെ വിരോധാഭാസം എന്നും വിശ്വഭദ്രാനന്ദന്‍ പോസ്റ്റിട്ടു. ഇതിന് താഴെ സിപിഐ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശവുമായി എത്തി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ചുകൊണ്ടായിരുന്നു ബോധിയുടെ അടുത്ത പോസ്റ്റ്. ഞങ്ങളുടെ നാട്ടിലെ ചേച്ചിമാര്‍''ഹരേരാമ'' ''ഹരേ കൃഷ്ണ'' എന്നതിനൊപ്പമോ ഒരു പക്ഷേ അതില്‍ കൂടുതലോ ''കാനം..കാനം'' എന്നു ഉരുവിടുന്നതു കേട്ടു പരിചയിച്ചതാണ് എന്റെ ബാല്യം. പക്ഷേ ചേച്ചിമാരുടെ പ്രിയ കാനം സിപിഐ നേതാവായിരുന്നില്ല;മംഗളത്തില്‍ തുടര്‍ നോവല്‍ എഴുതിയിരുന്ന കാനം.ഈ.ജെ. എന്ന പൈങ്കിളി സാഹിത്യകാരനായിരുന്നു. ബോധി പോസ്റ്റില്‍ പറയുന്നു. സിപിഐയില്‍ കമ്മ്യൂണിസ്റ്റുകലില്ല, കാനമിസ്റ്റുകളെയുള്ളുവെന്നാണ് ബോധിയുടെ അവാസന പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com