ശശീന്ദ്രന്റെ മന്ത്രിസ്ഥാനം : എന്‍സിപി നേതാക്കള്‍ ഇന്ന് ഇടതുമുന്നണി കണ്‍വീനറെ കാണും

എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരുന്നതില്‍ തടസ്സമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം : എന്‍സിപി നേതാക്കള്‍ ഇന്ന് ഇടതുമുന്നണി കണ്‍വീനറെ കാണും

കോട്ടയം : ഫോണ്‍കെണി വിവാദം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെ എന്‍സിപി മന്ത്രിസ്ഥാനത്തിനായി നീക്കം സജീവമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശമില്ലാത്തത് കണക്കിലെടുത്താണ് എന്‍സിപി നീക്കം. ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നേതാക്കള്‍ ഇന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനെ കാണും. വൈകീട്ട് 4.30 ന് കോട്ടയത്ത് വെച്ചാണ് കൂടിക്കാഴ്ച. 

ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരുന്നതില്‍ തടസ്സമൊന്നുമില്ലെന്ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ തനൊറ്റയ്ക്കല്ല തീരുമാനമെടുക്കേണ്ടതെന്നും, ബന്ധപ്പെട്ടവര്‍ തീരുമാനം അറിയിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ എന്‍സിപിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സിപിഐയും വ്യക്തമാക്കിയിരുന്നു. ശശീന്ദ്രന്റെ മടങ്ങിവരവിന് മുന്നണിയില്‍ എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്നാകും എന്‍സിപി നേതാക്കള്‍ ഇടതുമുന്നണി കണ്‍വീനറോട് ആവശ്യപ്പെടുക.

തോമസ് ചാണ്ടി രാജിവെച്ച സമയത്ത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍, തോമസ് ചാണ്ടിയോ, എ കെ ശശീന്ദ്രനോ ആരാണ് ആദ്യം കുറ്റവിമുക്തനാകുന്നത്, അയാള്‍ മന്ത്രിയാകുമെന്ന് പ്രസ്താവിച്ചിരുന്നു. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച് ടി പി പീതാംബരന്‍ പാര്‍ട്ടി ദേശീയ നേതൃത്വവുമായും ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപിയ്ക്ക് രാജ്യത്ത് ആകെയുള്ള മന്ത്രിസ്ഥാനമാണ് കേരളത്തിലേത്. അതിനാല്‍ എത്രയും വേഗം ആ പദവി തിരിച്ചുപിടിക്കാനാണ് ദേശീയനേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com