എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണായകം ; ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം ചര്‍ച്ച ചെയ്യും
എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണായകം ; ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം ഇന്ന് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍ത്തെന്ന് പരാതിക്കാരി കോടതിയെ അറിയിക്കും. അതിനാല്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടും. 

കേസില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരുമായും പീതാംബരന്‍ ചര്‍ച്ച നടത്തി. 

അതിനിടെ ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം ചര്‍ച്ച ചെയ്യും. കോടതിയില്‍ നിന്നു കൂടി ക്ലീന്‍ ചിറ്റ് ലഭിച്ച ശേഷം ശശീന്ദ്രനെ മന്ത്രിയാക്കിയാല്‍ പോരെയെന്ന അഭിപ്രായവും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്. മന്ത്രിപദത്തിലെത്തിയ ശേഷം കേസ് ഒത്തുതീര്‍പ്പാക്കുന്നത് മറ്റു ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാമെന്നാണ് ഈ വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ ശശീന്ദ്രന് എതിരായി പരാമര്‍ശം ഒന്നും നടത്തിയിട്ടില്ല എന്നത് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണെന്നാണ് മറുവാദം. അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ കടുത്ത നിലപാടെടുത്ത സിപിഐ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടതുമുന്നണി തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കും. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ എന്‍സിപിയാണ് തീരുമാനം എടുക്കേണ്ടതെന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇതാണ് ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com