'തന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തിയത്' ; ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2017 02:28 PM |
Last Updated: 24th November 2017 02:28 PM | A+A A- |

കൊച്ചി : ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ തോമസ് ചാണ്ടിയുടെ പരാതി. ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയത്. കായല്‍ കൈയേറ്റ കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് തോമസ് ചാണ്ടി പരാതിയില്‍ പറയുന്നു. താന്‍ രാജിവെക്കണമെന്ന ഉദ്ദേശത്തോടെയാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തോമസ് ചാണ്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി.
ജഡ്ജിയുടെ വാക്കും പ്രവൃത്തിയും പക്ഷപാതപരം. ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ ജഡ്ജി പി എന്‍ രവീന്ദ്രനേക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. മുമ്പ് മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറിയെന്ന കേസില്‍, ദേവസ്വത്തിന്റെ അഭിഭാഷകനായി ദേവന്‍ രാമചന്ദ്രന്‍ ഹാജരായിരുന്നു. അന്ന് തന്റെ എതിര്‍ ഭാഗത്തിന് വേണ്ടി ഹാജരായിരുന്ന ദേവന്‍ രാമചന്ദ്രന്‍, അന്നത്തെ അറിവ് വെച്ച് പരാമര്‍ശം നടത്തുകയായിരുന്നു.
ഭൂമി വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും താന്‍ നല്‍കിയതുമായ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ പലതും ഈ ജഡ്ജിയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് തന്റെ കേസ് പരിഗണിക്കുന്നത് ഒഴിവാക്കണമെന്നും തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണ്. മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുന്നത് അപൂര്‍വമാണ്. സര്‍ക്കാരിന്‍രെ കൂട്ടുത്തരവാദിത്തമില്ലായ്മയാണ് ഇത് കാണിക്കുന്നത്. മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് താഴെ ഇറങ്ങി വന്ന് സാധാരണക്കാരനായി നിയമനടപടി നടത്താനും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് തോമസ് ചാണ്ടി പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.