മൂഡിയെ പൊങ്കാലയിട്ടത് കമ്മ്യൂണിസ്റ്റുകളല്ല; സൈബര്‍ ആക്രമണത്തിന് പിന്നില്‍ ജനം ടിവി; കമന്റുകള്‍ ഡിലിറ്റ് ചെയ്ത് തടിയൂരാന്‍ ശ്രമം

ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും സംഘപരിവാര്‍ ചാനല്‍ ജനം ടിവിയുമാണ് ഇതിന് പിന്നില്‍ 
മൂഡിയെ പൊങ്കാലയിട്ടത് കമ്മ്യൂണിസ്റ്റുകളല്ല; സൈബര്‍ ആക്രമണത്തിന് പിന്നില്‍ ജനം ടിവി; കമന്റുകള്‍ ഡിലിറ്റ് ചെയ്ത് തടിയൂരാന്‍ ശ്രമം

ന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്കില്‍ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ പൊങ്കാലയിട്ടെന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ മാധ്യമമായ ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ സംഘ് പരിവാര്‍ സൈബര്‍ പ്രവര്‍ത്തകരും ജനം ടിവിയും ചേര്‍ന്നൊരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൂഡീസ് റേറ്റിങ് ഇന്ത്യയ്ക്ക് അനുകൂലമായതോടെ ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സിപിഐഎം സൈബര്‍ പോരാളികള്‍ പൊങ്കാലയിട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രൊഫൈലുകള്‍ എന്നു തോന്നിപ്പിക്കുന്ന അക്കൗണ്ടുകളില്‍ നിന്നാണ് പൊങ്കാല നടത്തിയത്. എന്നാല്‍ ഇത് ഇടത് പ്രവര്‍ത്തകരാണോ എന്ന് ആദ്യം മുതല്‍ തന്നെ സൈബര്‍ ലോകത്ത് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഇതിന് പിന്നാലെ സത്യം അന്വേഷിച്ചിറങ്ങിയ ആള്‍ട്ട് ന്യൂസ് പ്രൊഫൈലുകള്‍ പരിശോധിച്ച് സംഘപരിവാറിന്റെ വ്യാജ പ്രൊഫൈലുകളാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും സംഘപരിവാര്‍ ചാനല്‍ ജനം ടിവിയുമാണ് ഇതിന് പിന്നിലെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൂഡീയുടെ ഫെയ്‌സ്ബുക്കില്‍ കമന്റിട്ട പ്രൊഫൈലുകളില്‍ മിക്കതും ആര്‍എസ്എസിനും മോദിക്കും അനുകൂലമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചവയായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകള്‍ മുമ്പു മാത്രം സൃഷ്ടിച്ചവയും. വാര്‍ത്ത വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത് തടിയൂരാനുള്ള ശ്രമമാണ്  ഇപ്പോള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com