വാക്‌സിന്‍ ക്യാമ്പിനെതിരായ ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍

വളാഞ്ചേരി എടയൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന വാക്‌സിന്‍ ക്യാമ്പില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്.
ശ്യാമള ബായ്
ശ്യാമള ബായ്

മലപ്പുറം: എംആര്‍ വാക്‌സിന്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തി ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി എടയൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന വാക്‌സിന്‍ ക്യാമ്പില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്.

അത്തിപ്പറ്റ കരങ്ങാട് പറമ്പ് മുബഷീര്‍, കരങ്ങാട് പറമ്പ് സഫാന്‍, ചേലക്കാട്ട് വീട്ടില്‍ ഫൈസല്‍ ബാബു എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

വ്യാഴാഴ്ച ഉച്ചയോടെ കാമ്പ് നടക്കുന്ന സ്‌കൂളിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ആരോഗ്യപ്രവര്‍ത്തക ശ്യാമള ബായ്ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. 

ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മലപ്പുറത്ത് കെജിഎംഒഎ പണിമുടക്കിയിരുന്നു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കാമ്പിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെ സമരം പിന്‍വലിച്ചു. വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ പോയിന്റുകളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി സുരക്ഷ നല്‍കാന്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മീസില്‍സ് റൂബെല്ല വാക്‌സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജയും അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com