വിവാഹ ദിവസം തന്നെ പെണ്ണിനോട് സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ടു; നവവരന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2017 11:27 AM |
Last Updated: 25th November 2017 11:27 AM | A+A A- |

പോത്തന്‍കോട്; കല്യാണം കഴിഞ്ഞ് സ്ത്രീധനം കിട്ടുന്ന കാറില്‍ വീട്ടിലേക്ക് പോകാമെന്ന അതിമോഹത്തിലാണ് പ്രണവ് വിവാഹവേദിയിലെത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ കണ്ടത് പെണ്ണിനെ മാത്രം. സ്ത്രീധനമായി ആവശ്യപ്പെട്ട കാറ് പരിസരത്തൊന്നുമില്ല. കെട്ടുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴെങ്കിലും സാധനം കൈയില്‍ കിട്ടുമെന്ന് പ്രതിക്ഷിച്ചെങ്കിലും കാറിന്റെ പൊടിപോലും കണ്ടില്ല. സ്ത്രീധനം കിട്ടാത്തതിന്റെ അമര്‍ഷം കടിച്ചമര്‍ത്തി കെട്ടിയ പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് പോരേണ്ടിവന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അയാള്‍ ഭാര്യയോട് ആദ്യം ചോദിച്ചത് സ്ത്രീധനത്തിന്റെ കാര്യമാണ്. സ്ത്രീധനം ഇപ്പോള്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ വീടുകാണല്‍ ചടങ്ങിനെത്തിയ വീട്ടുകാര്‍ക്കൊപ്പം മണവാട്ടിപ്പെണ്ണ് മടങ്ങി.
സ്ത്രീധനം ചോദിച്ചതിന് ഭാര്യ പരാതികൊടുത്തതോടെ പ്രണവിന്റെ ആദ്യരാത്രി പൊലീസ് ലോക്കപ്പിലായി. കൊല്ലം പരവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കൊയ്ത്തൂര്‍ക്കോണം മണ്ണറയില്‍ പ്രണവ് വിവാഹം കഴിച്ചത്. വിവാഹശേഷം വീട്ടില്‍ എത്തിയ ഉടനെ വരന്റെ വീട്ടുകാര്‍ പെണ്ണിനോട് സ്ത്രീധനമായി തരാമെന്നു പറഞ്ഞ കാര്‍ ആവശ്യപ്പെടുകയായിരുന്നു.
കാര്‍ തന്റെ വീട്ടിലുണ്ടെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ കാര്‍ ഇടാന്‍ സൗകര്യമില്ലാത്തതിനാലാണ് കൊണ്ടുവരാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ കാറിന്റെ താക്കോല്‍ വേണമെന്നായി വീട്ടുകാര്‍. വൈകീട്ട് വീടുകാണല്‍ ചടങ്ങിനെത്തിയ വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. വധുവിന്റെ വീട്ടുകൊര്‍ പൊലീസില്‍ പരാതികൊടുത്തതിനെ തുടര്‍ന്ന് പ്രണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനും അച്ഛനും എതിരേ കേസെടുത്തിട്ടുണ്ട്. സ്ത്രീധന നിരോധനനിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.