ആ പണി ഇനി വേണ്ട; മന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പ് തട്ടിക്കൂട്ടി 'കുഴിയടയ്ക്കല്‍' നടത്തിയതിനെതിരെ മന്ത്രി ജി സുധാകരന്‍  

കുറച്ചു ടാര്‍ ചേര്‍ത്തു കരിങ്കല്‍ കൂട്ടിവച്ചിരിക്കുകയാണ്. ആദ്യത്തെ വണ്ടി തട്ടുമ്പോള്‍ തന്നെ ഇത് ഇളകും
ആ പണി ഇനി വേണ്ട; മന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പ് തട്ടിക്കൂട്ടി 'കുഴിയടയ്ക്കല്‍' നടത്തിയതിനെതിരെ മന്ത്രി ജി സുധാകരന്‍  

കാസര്‍ക്കോട്: വിഐപി സന്ദര്‍ശനങ്ങള്‍ക്കു മുന്നോടിയായി പ്രദേശത്തെ റോഡിലെ അറ്റകുറ്റപ്പണികള്‍ തട്ടിക്കൂട്ടി നടത്തുന്നതിനു തടയിട്ട് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍. ഇത്തരം തട്ടിക്കൂട്ടു വേലകള്‍ ഇനി വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി തന്റെ സന്ദര്‍ശനത്തിനു മുമ്പായി, സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡം പാലിക്കാത്ത വിധത്തില്‍ കുഴികള്‍ അടച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടു.

കാസര്‍ക്കോട് ജില്ലയിലെ മുള്ളേരിയയിലാണ് മന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പായി കുഴികള്‍ അടച്ചത്. ഇത് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡം പാലിച്ചുകൊണ്ടല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. ''താന്‍ വരുന്ന വഴിയിലെല്ലാം കുഴികള്‍ അടച്ചതായി കണ്ടു. കുറച്ചു ടാര്‍ ചേര്‍ത്തു കരിങ്കല്‍ കൂട്ടിവച്ചിരിക്കുകയാണ്. ആദ്യത്തെ വണ്ടി തട്ടുമ്പോള്‍ തന്നെ ഇത് ഇളകും. കുഴിയില്‍ മണ്ണുവാരിയിട്ട സ്ഥലങ്ങള്‍ പോലുമുണ്ട്. ഈ സര്‍ക്കാര്‍ ഇത് അവസാനിപ്പിച്ചതാണ്. ''- ജി സുധാകരന്‍ പറഞ്ഞു.

എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ഇതു പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കുഴിയുടെ മൂന്നിരട്ട നീളത്തില്‍ റോഡ് മുറിച്ച് കുഴിയടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡം. കുഴിയടച്ചല്‍ ആറു മാസമെങ്കിലും അതേപടി നില്‍ക്കണം. ഇവിടെ ചെയ്തുവച്ചിരിക്കുന്നത് ആദ്യത്തെ വണ്ടി തട്ടുമ്പോള്‍ തന്നെ ഇളകിപ്പോവുന്ന വിധത്തിലാണെന്ന് മ്ന്ത്രി പറഞ്ഞു.

ഓരോ മണ്ഡലത്തിലും കുഴിയടയ്ക്കാന്‍ സര്‍ക്കാര്‍ അഞ്ചു കോടി രൂപ വീതം നല്‍കിയിട്ടുണ്ട്. കാസര്‍ക്കോട് ജില്ലയില്‍ അറ്റകുറ്റപ്പണി നല്ലപോലെ നടന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com