കുഞ്ഞിന്റെ മരണത്തിന് കാരണമായത് എസ്ഡിപിഐ ജാഥ; തെറി വിളി മുഴുവന്‍ ചെന്നിത്തലയ്ക്ക്

യഥാര്‍ഥത്തില്‍ എസ്ഡിപിഐ നഗരത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥമൂലമുണ്ടായ ഗതാഗത കുരുക്കാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്
കുഞ്ഞിന്റെ മരണത്തിന് കാരണമായത് എസ്ഡിപിഐ ജാഥ; തെറി വിളി മുഴുവന്‍ ചെന്നിത്തലയ്ക്ക്

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെട്ട് കുഞ്ഞ് മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ സംഭവം മറച്ചുവച്ച് കോണ്‍ഗ്രസിനെ പ്രതിയാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നീക്കം. കുട്ടിമരിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുണ്ടാക്കിയ ഗതാഗത കുരുക്ക് മൂലമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം പടരുന്നത്. 

21നാണ് ഗുളിക തൊണ്ടിയില്‍ കുരുങ്ങി പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്റു-റീന ദമ്പതികളുടെ മകള്‍  അഞ്ചുവയസ്സുകാരി ഐലിന്‍ മരിച്ചത്.  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവഴി നഗരത്തിലെ ഗതാഗത കുരുക്കില്‍ പെട്ടായിരുന്നു കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ട് കുഞ്ഞ് കാറില്‍ തന്നെ മരിക്കുകയായിരുന്നു. ഇതിനെതിരെ രോക്ഷം കൊള്ളുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയാണ് കുറ്റക്കാരന്‍ എന്ന തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളാണ് ഷെയര്‍ ചെയ്യുന്നത്. 

യഥാര്‍ഥത്തില്‍ എസ്ഡിപിഐ നഗരത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥമൂലമുണ്ടായ ഗതാഗത കുരുക്കാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. സംഭവം നടന്ന 21 വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചാരണ ജാഥ കോട്ടയം നഗരത്തിലൂടെ കടന്നുപോയതായി എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഹസീബ് മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. 

ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയത്തേക്ക് വരുന്നതിനിടയില്‍ കോടിമാത പാലത്തില്‍വച്ച് വലിയ ഗതാഗതകുരുക്കില്‍ പെട്ടു. തുടര്‍ന്ന് ഇടവഴികളിലൂടെ വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലുംെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ അന്നേദിവസം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ പര്യടനം നടത്തുകയായിരുന്നുവെന്ന് കെപിസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ടോണി കല്ലാനി സമകാലിക മലയാളത്തോട് പറഞ്ഞു. പിറ്റേന്ന് രാവിലെ 11മണിക്കാണ് ജാഥ കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. പാലയിലാണ് ആദ്യം ജാഥ എത്തിയത്. രാത്രി എട്ടിനാണ് കോട്ടയം നഗരത്തിലൂടെ ജാഥ കടന്നുപോയത്. ജാഥ കടന്നുവന്ന വഴികളിലെല്ലാം ഗതാഗതകുരുക്ക് സൃഷ്ടിക്കാതിരിക്കാന്‍ തങ്ങള്‍ പരമാവതി ശ്രമിച്ചിട്ടുണ്ടെന്ന് ടോണി പറയുന്നു. ജാഥയുടെ വിജയം ഉറക്കം കെടുത്തുന്ന  മറ്റുപാര്‍ട്ടിക്കാരാണ് രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസിനേയും മനപ്പൂര്‍വം കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സത്യം അറിയാമായിരുന്നിട്ടും ചില സിപിഎം നേതാക്കളും വ്യാജ പ്രചാരണത്തിന് കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

21 കോട്ടയം നഗരത്തില്‍ എസ്ഡിപിഐ നടത്തിയ വാഹന പ്രചാരണ ജാഥയുടെ ഒരു ഭാഗം
 

പടയൊരുക്കം ജാഥയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല.

എസ്ഡിപിഐ നടത്തിയ ജാഥയാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത് എന്നത് മറച്ചുവയ്ക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചെന്നിത്തലയുടെ ജാഥയാണ് കുഞ്ഞിനെ കൊന്നത് എന്നതരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ശരിയായ കാരണം അറിയാതെ മറ്റുള്ളവരും ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com