'ഹരീന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം മനോവിഷമമുണ്ടാക്കി' ; ഡെപ്യൂട്ടി കളക്ടര്‍ പരാതി നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2017 02:45 PM |
Last Updated: 27th November 2017 02:45 PM | A+A A- |

തിരുവനന്തപുരം : സികെ ഹരീന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ് കെ വിജയ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ കളക്ടര്‍ കെ വാസുകിക്ക് പരാതി നല്‍കി. പൊതുജനങ്ങള്‍ക്ക് മുന്നിലായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. ജില്ലാ കളക്ടറുടെ യോഗത്തില്‍ വെച്ച് എടുത്ത തീരുമാനമാണ് താന്‍ ജനങ്ങളെ അറിയിച്ചത്. എംഎല്‍എയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ജനങ്ങള്‍ക്ക് മുമ്പില്‍ യോഗ തീരുമാനം മറന്ന് എംഎല്‍എ നടത്തിയ പെരുമാറ്റം ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഡെപ്യൂട്ടി കളക്ടര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം അപമര്യാദയായി പെരുമാറിയതിന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ ഡെപ്യൂട്ടി കളക്ടറോട് മാപ്പു ചോദിച്ചു. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് എംഎല്‍എ പറഞ്ഞു. ഡെപ്യൂട്ടി കളക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. കളക്ടര്‍ വിളിച്ച യോഗത്തില്‍ ഡെപ്യൂട്ടി കളക്ടറോട് സംസാരിക്കുമെന്നും സി കെ ഹരീന്ദ്രന്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി കളക്ടര്‍ എസ് കെ വിജയക്കെതിരെ അപമര്യാദയായി പെരുമാറിയ സി കെ ഹരീന്ദ്രനെ വനിതാ കമ്മീഷന്‍ അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, എംഎല്‍എ ഡെപ്യൂട്ടി കളക്ടറോട് പറഞ്ഞ മോശം വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ച് എംഎല്‍എ രംഗത്തെത്തിയത്.
തിരുവനന്തപുരം മാരായമുട്ടത്ത് പാറമട അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സി കെ ഹരീന്ദ്രന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നേരെ ശകാര വര്‍ഷം ചൊരിഞ്ഞത്. റോഡുപരോധം തീര്‍ക്കാനെത്തിയതായിരുന്നു എംഎല്‍എയും ഡെപ്യൂട്ടി കളക്ടറും. ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ക്വാറി ഉടമകളുമായി സംസാരിച്ച് നല്‍കാമെന്ന് പറഞ്ഞതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.