എംഎം മണി കയ്യേറ്റക്കാരുടെ മിശിഹ ; ഏതൊക്കെ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന് പറയാന്‍ നിര്‍ബന്ധിതമാക്കരുതെന്ന് സിപിഐ 

മണിയുടെ പ്രസ്താവന നെറികെട്ടത്. മണി സിപിഐക്കെതിരെ തിരിഞ്ഞത് കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്
എംഎം മണി കയ്യേറ്റക്കാരുടെ മിശിഹ ; ഏതൊക്കെ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന് പറയാന്‍ നിര്‍ബന്ധിതമാക്കരുതെന്ന് സിപിഐ 

ഇടുക്കി : മന്ത്രി എം എം മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. എം എം മണി കയ്യേറ്റക്കാരുടെ മിശിഹയായി മാറിയെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയത് സിപിഐ കൈമടക്ക് വാങ്ങിയിട്ടാണോ എന്ന മണിയുടെ പ്രസ്താവന നെറികെട്ടത്. കയ്യേറ്റക്കാരെ സഹായിക്കുകയാണ് മണി ചെയ്യുന്നത്. മണി സിപിഐക്കെതിരെ തിരിഞ്ഞത് കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. സിപിഎം നേതാക്കള്‍ ആരൊക്കെ പണം വാങ്ങിയെന്ന് പറയാന്‍ നിര്‍ബന്ധിതമാക്കരുതെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.

ഏതൊക്കെ സിപിഐ നേതാക്കളാണ് പണം കൈപ്പറ്റിയതെന്ന് മന്ത്രി എംഎം മണി വെളിപ്പെടുത്തണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. സിപിഐയുടെ ഏതെങ്കിലും പ്രാദേശിക നേതാവ് കയ്യേറ്റക്കാരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അക്കാര്യം പുറത്തുപറയാന്‍ വെല്ലുവിളിക്കുകയാണ്. പണം കൈപ്പറ്റിയെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ പിന്നെ സിപിഐയില്‍ ഉണ്ടാകില്ലെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. 

മന്ത്രി എം എം മണി കയ്യേറ്റത്തിന്റെ വക്താവായി മാറി. ജില്ലയിലെ ഭൂ പ്രശ്‌നങ്ങളില്‍ സിപിഐക്ക് വ്യക്തമായ നിലപാടുണ്ട്. അത് കൊടുക്കല്‍ വാങ്ങലിന്റേതല്ല. ഭൂമാഫിയക്കെതിരെ നടപടി തുടങ്ങുമ്പോഴെല്ലാം മണി എതിര്‍ത്ത് രംഗത്തുവരുമെന്നും കെ കെ ശിവരാമന്‍ ആരോപിച്ചു. 

കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയത് കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നായിരുന്നു മന്ത്രി എംഎം മണി ആരോപിച്ചത്. ഇതുവഴി സിപിഐക്ക് പ്രതിഫലം കിട്ടിയോ എന്ന് സംശയമുണ്ട്. സിപിഐയുടേത് മലര്‍ന്ന് കിടന്ന് തുപ്പുന്ന പണിയാണ്. ശിവരാമനല്ല, ഏത് രാമനായാലും പറയേണ്ടതെല്ലാം പറയുമെന്നും എം എം മണി അഭിപ്രായപ്പെട്ടു. കട്ടപ്പനയിലെ സിപിഎം ഏരിയകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു സിപിഐക്കെതിരെ മന്ത്രിയുടെ കടന്നാക്രമണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com