തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ല ; കോണ്‍ഗ്രസ് ക്ഷണം തള്ളി കാനം

കുറിഞ്ഞി വിഷയത്തില്‍ റവന്യൂ. വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ല.  റവന്യൂ വകുപ്പ് സെക്രട്ടറിയെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്നും കാനം
തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ല ; കോണ്‍ഗ്രസ് ക്ഷണം തള്ളി കാനം

തിരുവനന്തപുരം : യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് സിഥിരയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകുമോ എന്ന് കാനം ചോദിച്ചു. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് മുന്നണിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. കോണ്‍ഗ്രസുമായി സഹകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരടിന്മേല്‍ ചര്‍ച്ച നടക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു. 

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് റവന്യൂ. വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ല. തര്‍ക്കമുണ്ടെങ്കില്‍ പരിഹരിക്കും. റവന്യൂ വകുപ്പ് സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു. ജോയ്‌സിന്റെ പട്ടയം റദ്ദാക്കിയതിന് സിപിഐയ്ക്ക് കൈമടക്ക് കിട്ടിയോ എന്നതടക്കമുള്ള മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്ക്ക് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി മറുപടി നല്‍കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 

സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നുകിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചുനിന്നപ്പോഴാണ് കേരളത്തിന്റെ സുവര്‍ണകാലം. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനെ വേദിയിലിരുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com