സിപിഎം പ്രവര്‍ത്തകനെ ബലിദാനിയാക്കി ബിജെപി ഹര്‍ത്താല്‍; അന്തംവിട്ട് സിപിഎം 

ഡിവൈഎഫ്‌ഐ-ബിജെപി സംഘട്ടത്തിനിടെ മര്‍ദനമേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകനെ തങ്ങളുടെ ബലിദാനിയാക്കി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി വെട്ടിലായി
സിപിഎം പ്രവര്‍ത്തകനെ ബലിദാനിയാക്കി ബിജെപി ഹര്‍ത്താല്‍; അന്തംവിട്ട് സിപിഎം 

കയ്പമംഗലം: ഡിവൈഎഫ്‌ഐ-ബിജെപി സംഘട്ടത്തിനിടെ മര്‍ദനമേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകനെ തങ്ങളുടെ ബലിദാനിയാക്കി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി വെട്ടിലായി. കാളമുറി പടിഞ്ഞാറ് സ്വദേശി ചക്കന്‍ചാത്ത് സതീശനാണ് കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിനിടയിയല്‍ അടിയേറ്റത്തിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചത്. ഇയ്യാള്‍ സിപിഎം പ്രവര്‍ത്തകനാണ് എന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ബിജെപി സതീശനെ തങ്ങളുടെ ബലിദാനിയായി ചിത്രീകരിച്ച് കയ്പമംഗലത്ത്
ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. 

ഒരാഴ്ചമുമ്പ്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത കയ്പമംഗലം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ നേതൃപരമായ പങ്ക് വഹിച്ച് രംഗത്തുണ്ടായിരുന്നയാളെയാണ് ഒറ്റരാത്രികൊണ്ട് ബിജെപി തങ്ങളുടെ ബലിദാനിയാക്കിയത്. 

സതീശന്റെ മകന്‍ ഡിവൈഎഫ്‌ഐ അനുഭാവിയായിരുന്ന സന്ദീപ് അടുത്ത് ബിജെപിയിലേക്ക് മാറിയിരുന്നു. മകനേയും ബിജെപിക്കാരായ ബന്ധുക്കളേയും ഉപയോഗപ്പെടുത്തി ബിജെപി സതീശനെ ബലിദാനിയാക്കി. ശനിയാഴ്ച വൈകുന്നേരം പതിവുപോലെ ചായകുടിക്കാന്‍ എത്തിയതായിരുന്നു സതീശന്‍. അപ്പോഴാണ് ബിജെപി-ഡിവൈഎഫ്‌ഐ സംഘട്ടനമുണ്ടായത്. സംഘട്ടനത്തില്‍ നിന്ന് സഹോദരന്റെ മകനായ ബിജെപി പ്രവര്‍ത്തകനെ പിടിച്ചു മാറ്റുന്നതിനിടയില്‍ സതീശന്‍ അടിയേറ്റ് നിലത്തുവീഴുകയായിരുന്നു. 

പിന്നീട് സൈക്കിള്‍ ചവിട്ടി വീട്ടിലെത്തിയ സതീശന് അഞ്ചരയോടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സഹോദരന്റെ മകന്‍തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. മരണത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇത് മുതലെടുത്ത സംഘപരിവാര്‍ സിപിഎംകാരാണ് സതീശനെ കൊന്നത് എന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. 

മരണവാര്‍ത്ത അറിഞ്ഞ് വീട്ടിലെത്തിയ സിപിഎം നാട്ടിക ഏരിയ സെക്രട്ടറിയേയും കൂട്ടരേയും ബിജെപിക്കാര്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കൊലയാളികളായ സിപിഎംകാര്‍ ഇവിടെയിരിക്കരുത് എന്ന് പറഞ്ഞായിരുന്നു ബഹളം. ഒടുവില്‍ വീട്ടുകാര്‍ ഇവരെ പുറത്താക്കി. പത്തുമണിയോടെ സംഘടിച്ചെത്തിയ ബിജെപിക്കാര്‍ വീണ്ടും ബഹളം വച്ചതോടെ പൊലീസെത്തി ഇവരെ പുറത്താക്കുകയായിരുന്നു. 

സതീശന്റെ ഭാര്യ സിന്ധുവും മകന്‍ സന്ദീപും ഇയ്യാള്‍ സിപിഎം പ്രവര്‍ത്തകനാണ് എന്ന് പൊലീസിനോട് പറഞ്ഞു. അപ്പോഴേക്കും ബിജെപി ജില്ലാ നേതൃത്വം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. 

ഏതാനും ദിവസം മുമ്പ് സതീശന്‍ ഡിവൈഎഫ്‌ഐ പിരിവിന് നടക്കുന്ന വീഡിയോ സഹിതം സിപിഎം സതീശന്‍ തങ്ങളുടെ പ്രവര്‍ത്തകനാണ് എന്ന് തെളിയിക്കാന്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നിട്ടും സംഘപരിവാറിന് വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com