ഹാദിയ കേസ്: ഹൈക്കോടതിയില്‍ ഹാജരായ ഗവ. പ്ലീഡര്‍ക്ക് വധഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2017 11:25 AM |
Last Updated: 27th November 2017 11:25 AM | A+A A- |

കൊച്ചി: ഹാദിയ കേസില്‍ സുപ്രിം കോടതി വാദം കേള്‍ക്കാനിരിക്കെ ഇതേ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ക്ക് വധഭീഷണി. വസ്തുതകള്‍ വളച്ചൊടിച്ച് തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി പ്ലീഡര്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കി. ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേസിന്റെ തന്റെ പങ്കിനെക്കുറിച്ച് വളച്ചൊടിച്ച വസ്തുതകള്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. താന്‍ ആര്‍എസ്എസുകാരനാണന്നും ആര്‍എസ്എസിന്റെ വക്കീലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. തന്റെ നിയമോപദേശം അനുസരിച്ചാണ് ഹാദിയയുടെ മെഴി രേഖപ്പെടുത്തേണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തീരുമാനിച്ചത് എന്നാണ് പ്രചാരണം. പല വെബ് സൈറ്റുകളിലും വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഫെയ്‌സ്ബുക്കിലെ കമന്റുകളില്‍ പലതും പരാതിയില്ലാതെ തന്നെ പൊലീസിന് കേസെടുത്ത് അന്വേഷിക്കാവുന്ന കുറ്റത്തിന്റെ പരിധിയില്‍ വരുന്നവയാണെന്ന് ഡിജിപിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹാദിയയുടെ കാര്യത്തിലുണ്ടായത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ചതാണ് മതമൗലികവാദികള്‍ അഭിഭാഷകനെതിരെ തിരിയാന്‍ കാരണമായത്. ഹാദിയയുടെ മതംമാറ്റവും വിവാഹവും സംശയകരമാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിവാഹം റദ്ദാക്കിയിരുന്നു.
ഡിജിപിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാല്‍ അറിയിച്ചു.