അനുമതിയില്ലാതെ പുസ്തകം എഴുതി; ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2017 03:13 PM |
Last Updated: 28th November 2017 03:24 PM | A+A A- |

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. വകുപ്പുതല നടപടി സ്വീകരിക്കാനും ആഭ്യന്തര സെക്രട്ടറിയോട്
മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് പരിശോധിക്കാന്‍
മൂന്നംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആരോപണം ശരിവെച്ച സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി
. കേസ് എടുക്കുന്നതിനെ സംബന്ധിച്ച് വിവരമില്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികരിച്ചു.
സ്രാവുകള്‍ക്കൊപ്പം നീന്തിയ എന്ന പേരില്‍ ജേക്കബ് തോമസ് പ്രസിദ്ധീകരിച്ച പുസ്തകമാണ് നടപടിയ്ക്ക് ഇടയാക്കിയത്. സര്‍വീസ് ചട്ടലംഘനം നടത്തിയെന്നും അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയതെന്നും മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുസ്തകത്തെ കുറിച്ച് പല പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ പതിനാലിടത്തു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറി കണ്ടെത്തിയത്. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കേന്ദ്രസര്‍വീസ് ചട്ടം ലംഘിക്കപ്പെട്ടു.