കോളജില്‍ ഹാദിയ അഖില അശോകന്‍ തന്നെ; ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങളില്ലെന്ന് അധികൃതര്‍

സുരക്ഷ ഉറപ്പുവരുത്താന്‍ കോളജ് അധികൃതര്‍ ജില്ലാ ഭരണകൂടവുമായും പൊലീസുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് എംഡി
കോളജില്‍ ഹാദിയ അഖില അശോകന്‍ തന്നെ; ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങളില്ലെന്ന് അധികൃതര്‍

സേലം: കോളജ് രേഖകളില്‍ ഹാദിയയുടെ പേര് അഖില അശോകന്‍ എന്നുതന്നെയായിരിക്കുമെന്ന് ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജ് അധികൃതര്‍. ഹോസ്റ്റലില്‍ മറ്റു കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ തന്നെയായിരിക്കും ഹാദിയയ്ക്കും നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

അഖില അശോകന്‍ എന്ന പേരിലാണ് ഈ വിദ്യാര്‍ഥി കോളജില്‍ ചേര്‍ന്നത്. നാലര വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതും അതേ പേരില്‍ തന്നെയാണ്. ഹൗസ് സര്‍ജന്‍സിക്കിടെയാണ് അവര്‍ തിരിച്ചുപോയത്. അതു തുടരുന്നത് രേഖകളിലുള്ള പഴയ പേരില്‍ തന്നെയായിരിക്കുമെന്ന് കോളജ് ഡീന്‍ ജി കണ്ണന്‍ അറിയിച്ചു. അഖില ഹാദിയയുടെ അഡ്മിഷന്‍ ഉറപ്പാക്കാനും ഹോസ്റ്റലിലെ താമസ സൗകര്യങ്ങള്‍ ലഭ്യമാക്കാനും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത് കോളജ് ഡീനിന് ആണ്. അഖില ഹാദിയയുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തിനും ഡീനിന് സുപ്രിം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 2015ല്‍ അഖില കോളജ് വിട്ടതെന്ന് എംഡി കല്‍പ്പന ശിവരാജ് അറിയിച്ചു. അവര്‍ തിരിച്ചുവരുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അവര്‍ക്കു സുരക്ഷ ഉറപ്പുവരുത്താന്‍ കോളജ് അധികൃതര്‍ ജില്ലാ ഭരണകൂടവുമായും പൊലീസുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് എംഡി വ്യക്തമാക്കി.

സുപ്രിം കോടതി ഉത്തരവ് അനുസരിച്ച് കോളജില്‍ തിരിച്ചെത്തിയ അഖില ഹാദിയ ചൊവ്വാഴ്ച തന്നെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട് പൊലീസിനാണ് ഇവിടെ ഇവരുടെ സുരക്ഷാ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com