ദിലീപിനെ പിന്തുടര്‍ന്ന് കേരള പൊലീസ് ദുബായിലെത്തിയെന്ന് സൂചന

ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
ദിലീപിനെ പിന്തുടര്‍ന്ന് കേരള പൊലീസ് ദുബായിലെത്തിയെന്ന് സൂചന

ദുബായ്: ഹോട്ടല്‍ ശൃംഖലയായ 'ദേ പുട്ടിന്റെ' ഉദ്ഘാടനത്തിന് ദുബായിലെത്തിയ നടന്‍ ദിലീപിനെ പിന്തുടര്‍ന്ന് കേരള പൊലീസ് എത്തിയതായി സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ നടന്റെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ആറംഗ പൊലീസ് സംഘം ദുബായിലെത്തിയത്. നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതാണ് അന്വേഷണ സംഘത്തെ ദുബായിലേക്ക് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പൊലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ദിലീപിന്റെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി അമ്മ സരോജത്തിനൊപ്പം ചൊവ്വാഴ്ചയാണ് ദിലീപ് ദുബായിലെത്തിയത്.

ഹൈക്കോടതിയുടെ അനുമതിയോടെ യാത്ര ചെയ്യുന്ന ദിലീപ് യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, താമസിക്കുന്ന സ്ഥലം തുടങ്ങി എല്ലാവിധ വിവരങ്ങളും അന്വേഷണ സംഘത്തിന് താരം കൈമാറിയിട്ടുണ്ട്. ആറ് ദിവസത്തേക്കാണ് ദിലീപിന് ഹൈക്കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കിയിരിക്കുന്നത്. നാല് ദിവസം ദുബായില്‍ തങ്ങുന്നതിനും രണ്ടു ദിവസം യാത്രയ്ക്കുമാണ് അനുമതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com