അബിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

രക്താര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അബി വ്യാഴാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
അബിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'അനുകരണകലയെ ജനകീയമാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു'- മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.

രക്താര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അബി വ്യാഴാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഖബറടക്കം ഇന്ന് 6.30ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. 'തൃശ്ശിവപേരൂര്‍ ക്ലിപ്ത'മാണ് അവസാന സിനിമ. 

മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി രംഗത്തേക്ക് കടന്നുവന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അനുകരണ കലയിലൂടെ സിനിമാരംഗത്തെത്തിയ പ്രശസ്ത നടൻ അബിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അനുകരണകലയെ ജനകീയമാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. മിമിക്രി മേഖലയിലെ പ്രശസ്ത ട്രൂപ്പുകളായിരുന്ന കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നിവയിലൂടെ വളർന്നു വന്ന അബി അമ്പതോളം സിനിമകളില്‍ തന്‍റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ച അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com