കേരള തീരത്ത് ചുഴലിക്കാറ്റ്; തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കന്യാകുമാരിയ്ക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ആരംഭിച്ചത് 
കേരള തീരത്ത് ചുഴലിക്കാറ്റ്; തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലകളിലും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കന്യാകുമാരിയ്ക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ആരംഭിച്ചത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കന്യാകുമാരിയ്ക്കും തിരുവനന്തപുരത്തിനും ഇടയില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒാഖി ചുഴലിക്കാറ്റെന്ന് പേരിട്ടിരിക്കുന്ന കാറ്റിന്റെ ഇപ്പോഴത്തെ വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയും കാറ്റും വീശുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 

ന്യൂനമര്‍ദ്ദം ലക്ഷദ്വീപിലേക്ക് നിങ്ങുകയാണ്. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരും. മലയോരങ്ങളിലും കടലോരത്തും വിനോദ സഞ്ചാരത്തിന് പോകരുതെന്നും ദുരന്തനിവാരണ സേന ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകര്‍ കാനന പാത വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാത്രി ഏഴിനും രാവിലെ ആറിനും ഇടയിലുള്ള മലയാത്ര ഒഴിവാക്കുക. മരങ്ങള്‍ക്ക് സമീപവും നീരൊഴുക്കിന് അടുത്തും വിശ്രമിക്കുന്നത് ഒഴിവാക്കുക, പമ്പാ സ്‌നാന സമയത്ത് നീരൊഴുക്ക് ശ്രദ്ധിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്തിന്റെ മലയോര മേഖലകളിലും ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം അമ്പൂരി വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായി. പാറശാലയില്‍ ഉപജില്ലാ കലോല്‍സവ വേദികള്‍ തകര്‍ന്നു.  നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയേക്കും. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 

ഇടുക്കി ഹൈറേഞ്ചിലും കനത്ത മഴയില്‍ വന്‍ നാശമാണ് സംഭവിച്ചത്. മരങ്ങല്‍ കടപുറവി വീണതിനെ തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.നെടുങ്കണ്ടം, പച്ചടി, മഞ്ഞ്പപാറ, തൂക്കുപാലം, ചേമ്പള, കല്ലാര്‍ മേഖലകളില്‍ കൊടുങ്കാറ്റ് കനത്ത നാശമാണ് വിതച്ചത്. മഴയെത്തുടര്‍ന്ന് ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com