ശബരിമല ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന്‍ അരവണ പ്ലാന്റില്‍; വിവാദം

സുരക്ഷാ ക്രമീകരണങ്ങളൊന്നും വകവയ്ക്കാതെയാണ് കുമ്മനം പ്ലാന്റില്‍ കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
ശബരിമല ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന്‍ അരവണ പ്ലാന്റില്‍; വിവാദം

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അരവണ, അപ്പം പ്‌ളാന്റുകളില്‍ കയറിയതിനെച്ചൊല്ലി വിവാദം. സുരക്ഷാ ക്രമീകരണങ്ങളൊന്നും വകവയ്ക്കാതെയാണ് കുമ്മനം പ്ലാന്റില്‍ കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ അരവണ, അപ്പം പ്ലാന്റുകളില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരെയും പ്രവേശിപ്പിക്കാറില്ല.

ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞശേഷമാണ് അംഗരക്ഷകനും മൂന്ന് അനുയായികള്‍ക്കുമൊപ്പം കുമ്മനം അരവണ പ്‌ളാന്റില്‍ കയറിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി എട്ടരയ്ക്കാണ് കുമ്മനം പ്‌ളാന്റുകളില്‍ കയറിയത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും ഒപ്പമുണ്ടായിരുന്നു. കുമ്മനത്തിന്റെ അനുയായികള്‍ പ്‌ളാന്റിന്റെ അകത്തും പുറത്തും മൊബൈലില്‍ ചിത്രം പകര്‍ത്തിയതായി സൂചനയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉന്നത അധികാരികളുടെ അനുമതിയില്ലാതെയാണ് പ്‌ളാന്റ് സന്ദര്‍ശനമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങളാല്‍ പ്‌ളാന്റുകളില്‍ മാധ്യമങ്ങളെയടക്കം പ്രവേശിപ്പിക്കാറില്ല. ശബരിമലയുടെ സുരക്ഷയെപ്പറ്റിയും സുരക്ഷാഭീഷണിയെപ്പറ്റിയും പ്രസ്താവനകളിറക്കുന്ന കുമ്മനം കടുത്ത സുരക്ഷാവീഴ്ചയാണ് വരുത്തിയതെന്നാണ് പത്രം ഉന്നയിക്കുന്ന ആക്ഷേപം. 

ശബരിമല ദര്‍ശനത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണ് കുമ്മനം സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. വകുപ്പുകള്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം ശബരിമല വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് കുമ്മനം കുറ്റപ്പെടുത്തി. കേന്ദ്രം 98 കോടി രൂപയുടെ വികസന പദ്ധതികളാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി 18 മാസം മുമ്പ് കേന്ദ്രം നല്‍കിയ 20 കോടിരൂപ വിനിയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുമ്മനം പറഞ്ഞു. 

ദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കങ്ങളാണ് അടിസ്ഥാന സൗകര്യ വികസനത്തിന് തടസം നില്‍ക്കുന്നത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായതാണ് ഇതിന് കാരണം. പ്രധാന പാതകളില്‍ ഓരോ 50 കിലോമീറ്ററലും 140 കോടി രൂപയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് ഇടത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രനിര്‍ദേശം ലഭിച്ചിട്ടുണ്ട്. എട്ട് ഇടത്താവളങ്ങള്‍ കണ്ടെത്തി സര്‍വ്വേ പൂര്‍ത്തിയാക്കിയതായും അടുത്ത സീസണില്‍ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com